ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതി നിര്‍മാണം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു .കിഫ്ബിയില്‍ നിന്നും 93.225 കോടി ചെലവഴിച്ച് നടപ്പാക്കുന്ന ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. 49,852 പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പരിശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യണം. പ്രാദേശികമായ തടസങ്ങള്‍ മറി കടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണം- അദ്ദേഹം പറഞ്ഞു. ജല അതോറിറ്റി ടെക്നിക്കല്‍ മെമ്പര്‍ ജി. ശ്രീകുമാര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എം. എല്‍. എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന് എം.പി മുഖ്യാതിഥിയായിരുന്നു. ശിലാഫലകത്തിന്റെ അനാച്ഛാദനവും അദ്ദേഹം നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്മാന് ബിജു കൂമ്പിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രന്, മറ്റ് ജനപ്രതിനിധികള്‍, ജല അതോറിറ്റി പ്രോജക്ട് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ്. പ്രദീപ്, പി.എച്ച് ഡിവിഷന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി. സജീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജീനീയര്‍ ജിബോയ് ജോസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ രാധാമണി, രാഷ്ടീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന ഓരോ വ്യക്തിക്കും പ്രതിദിനം 150 ലിറ്റര്‍ ശുദ്ധജലവും അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലുള്ള എല്ലാവര്ക്കും മൂന്ന്, അഞ്ച്, ആറ്, 12 വാര്‍ഡുകളിലെ പദ്ധതിയില്‍ ഉള്‍പ്പെട്ട മേഖലകളിലുള്ളവര്‍ക്കും പ്രതിദിനം 100 ലിറ്റര്‍ വീതവും പദ്ധതിയിലൂടെ ലഭ്യമാകും. മീനച്ചിലാറ്റിലെ വെള്ളമാണ് ശുദ്ധീകരിച്ച് 8675 വാട്ടര്‍ കണക്ഷനുകള്‍ മുഖേന ഈ മേഖലയില്‍ വിതരണം നടത്തുക. പൂവത്തുംമൂട്ടിലെ ഒമ്പത് മീറ്റര്‍ വ്യാസമുള്ള കിണര്‍ ഇതിനായി ഉപയോഗിക്കും. നേതാജി നഗറില്‍ ശുദ്ധീകരണശാലയും രണ്ട് ജലസംഭരണികളും കച്ചേരി കുന്ന്, കട്ടച്ചിറ എന്നിവിടങ്ങളില്‍ ഓരോ സംഭരണികള്‍ വീതവും സ്ഥാപിക്കും. നാല് പാക്കേജുകളിലായി നടപ്പാക്കുന്ന പദ്ധതി 2022 ഓഗസ്റ്റില്‍ സമ്പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ 27.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള വിതരണ ശൃംഖല ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കും. ജല ശുദ്ധീകരണശാലയ്ക്ക് വേണ്ടി 107 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനും കച്ചേരിക്കടവിലെ സംഭരണിക്കു വേണ്ട ഭൂമി ലഭ്യമാക്കുന്നതിനും നടപടികള്‍ പുരോഗമിക്കുകയാണ്
- സെപ്റ്റംബർ 14, 2020
- Kwa