കേരള വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലാ കുടിവെള്ള ​ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ (NABL) അംഗീകാരം ലഭിച്ചു. 2017ൽ ഇൗ അംഗീകാരം ലഭിച്ച എറണാകുളത്തെ ക്വാളിറ്റി കൺട്രോൾ സ്റ്റേറ്റ് റഫറൽ ഇൻസ്റ്റിറ്റ്യൂട്ടിനു പുറമെ കോഴിക്കോട് ജില്ലയിൽ മലാപ്പറമ്പിലും എറണാകുളം ജില്ലയിൽ ആലുവയിലും പ്രവർത്തിക്കുന്ന ജില്ലാ ലാബുകൾക്ക് കഴിഞ്ഞ മാസം അക്രഡിറ്റേഷൻ ലഭ്യമായിരുന്നു. കേരളത്തിൽ ദേശീയ അക്രിഡിറ്റേഷനുള്ള ഒന്നിലധികം കുടിവെള്ള പരിശോധനാ ലാബറട്ടറികൾ വാട്ടർ അതോറിറ്റിക്ക് മാത്രമാണുള്ളത്.
കുടിവെള്ള ഗുണനിലവാര പരിശോധനയ്ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 47 ലാബറട്ടറികൾ അടങ്ങുന്ന ഏറ്റവും വിപുലമായ ലാബറട്ടറി ശൃംഖലയാണ് വാട്ടർ അതോറിറ്റിയുടേത്. ജലജീവൻ മിഷൻ പദ്ധതി വഴി ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതിനോടൊപ്പം ഗുണനിലവാര പരിപാലനത്തിന് നിലവിലെ ലാബുകൾ ആധുനികീകരിക്കുവാനും കൂടുതൽ ലാബുകൾ സ്ഥാപിച്ചു ദേശീയ അംഗീകാരം നേടുവാനുമുള്ള വിപുലമായ പദ്ധതിയാണ് വാട്ടർ അതോറിറ്റി നടപ്പാക്കി വരുന്നത്.
കുടിവെള്ളത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുവാനുള്ള 10 പരിശോധനകൾക്കാണ് ഇപ്പോൾ NABL അംഗീകാരം ലഭ്യമായിരിക്കുന്നത്. ജലത്തിന്റെ നിറം, മണം, കലക്കൽ, പി.എച്ച് മൂല്യം, ക്ഷാരത, ജലത്തിൻ ലയിച്ചിരിക്കുന്ന ഖരവസ്തുക്കളുടെ അളവ്, ഗാഢത, കാൽസ്യം, മഗ്നീഷ്യം, ക്ലോറൈഡ് എന്നിവയുടെ പരിശോധനകൾക്കാണ് അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന വിധത്തിൽ ആവശ്യമായ എല്ലാ കുടിവെള്ള പരിശോധനകളും നിശ്ചിതമായ ഫീസ് അടച്ച് ചെയ്യുവാനും ഗുണനിലവാര സർട്ടിഫിക്കറ്റ് നൽകുവാനും ലാബുകളിൽ സൗകര്യമുണ്ട്. കൂടാതെ ഗാർഹിക ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഇൗ സൗകര്യം നൽകുന്നുണ്ട്.
പ്ലാസ്റ്റിക് ക്യാനിൽ 2 ലിറ്ററും അണുവിമുക്ത ബോട്ടിലിൽ 100മില്ലീലിറ്റർ വെള്ളവുമാണ് പരിശോധനയ്ക്കായി എത്തിക്കേണ്ടത്. പൂർണ പരിശോധനയ്ക്ക് ​ഗാർഹിക ഉപഭോക്താക്കൾക്ക് 850/- രൂപയും വ്യാവസായിക ആവശ്യങ്ങൾക്ക് അക്രഡിറ്റഡ് അല്ലാത്ത ലാബുകളിൽ 1750/- രൂപയും അക്രഡിറ്റഡ് ലാബുകളിൽ 3300/- രൂപയുമാണ് നിരക്ക്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)