സംസ്ഥാനത്ത് രണ്ടാംഘട്ട ലോക്ക്ഡൗൺ തുടരുമ്പോൾ, ആദ്യമൂന്നുദിവസങ്ങളിൽ സിഎഫ്എൽടിസികളും കോവിഡ് ചികിൽസാകേന്ദ്രങ്ങളുമുൾപ്പെടെയുള്ള അവശ്യകേന്ദ്രങ്ങളിൽ 38.23 ലക്ഷം ലിറ്റർ കുടിവെള്ളം ടാങ്കർ ലോറി വിതരണം ചെയ്ത് വാട്ടർ അതോറിറ്റി. ഇതുകൂടാതെ ആവശ്യക്കാർക്ക് കാനുകൾ വഴിയും ജലവിതരണം നടത്തുന്നു. സംസ്ഥാനത്ത് പ്രതിദിനം 3000 ദശലക്ഷം ലിറ്റർ കുടിവെള്ളമാണ് വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട, കുടിവെള്ള ദൗർലഭ്യവും ചോർച്ചകളും സംബന്ധിച്ചുള്ള 1836 പരാതികളിൽ 1533 എണ്ണവും പരിഹരിച്ചു. 1024 പരാതികൾ 24 മണിക്കൂറിനകം പരിഹരിക്കാനായി. ടാങ്കർ വഴി കുടിവെള്ളം ഏറ്റവും കൂടുതൽ നൽകിയത് പാലക്കാട് ജില്ലയിലാണ്, 1.96 ലക്ഷം ലിറ്റർ. കൊല്ലം ജില്ലയിൽ 1.13 ലക്ഷം ലിറ്ററും എറണാകുളം ജില്ലയിൽ 1.10 ലക്ഷം ലിറ്ററും വെള്ളം നൽകി. കഴിഞ്ഞ ദിവസം കോവിഡ് ബാധിതനായി മരിച്ച വൈക്കം ടിവി പുരം സ്വദേശി സുരേഷിന്റെ വീട്ടിലും ക്യാനുകളിൽ വെള്ളവുമായി വാട്ടർ അതോറിറ്റി ജീവനക്കാർ നേരിട്ടെത്തി. വയനാട്ടിൽ കോവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ച മുള്ളൻകൊല്ലി പെരിക്കല്ലൂർ ട്രൈബൽ ​ഹോസ്റ്റലിൽ രണ്ടും ദിവസം കൊണ്ടു തന്നെ 600 എംഎം വ്യാസമുള്ള പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളമെത്തിച്ചു. കുടിവെള്ള പ്രശ്നങ്ങൾ, ജനങ്ങളെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കാതിരിക്കാൻ നടപടികൾ‍ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ ശ്രീ.എസ്. വെങ്കടേസപതി അറിയിച്ചു. കോവിഡ് പ്രതിരോധത്തിൽ, അവശ്യവസ്തുവായ കുടിവെള്ളത്തിന്റെ വിതരണം ഏകോപിപ്പിക്കാൻ കോവിഡ്- 19 സെൽ രൂപീകരിച്ച് വിഡിയോ കോൺഫറൻസിങ് വഴി ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തുകയും പോരായ്മകൾ അപ്പപ്പോൾ പരിഹരിക്കുകയും ചെയ്യുന്നു. വാട്ടർ അതോറിറ്റിയുടെ 1020 ജലശുദ്ധീകരണ പദ്ധതികളും ലോക്ഡൗണിലും പതിവുപോലെ പ്രവർത്തിച്ച് ശുദ്ധജല വിതരണം ഉറപ്പു വരുത്തുന്നു. ജല ശുദ്ധീകരണ ശാലകൾ, പമ്പ് ഹൗസ് എന്നിവിടങ്ങളിൽ ജീവനക്കാർ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യുന്നു. ബ്ലൂ ബ്രിഗേഡ്, അറ്റകുറ്റപ്പണി കരാർ തൊഴിലാളികളും രംഗത്തുണ്ട്.ലോക്ഡൗണിൽ വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്. കുടിവെള്ള ചാർജ് ഒാൺലൈൻ വഴി അടയ്ക്കാൻ https://epay.kwa.kerala.gov.in എന്ന ലിങ്ക് സന്ദർശിക്കാം. https://www.bharatbillpay.com/billpay എന്ന ലിങ്ക് വഴി ​ഗൂ​ഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾ ഉപയോ​ഗിച്ചും ഒാൺലൈൻ വഴി പണടമടയ്ക്കാം. പരാതികൾ അറിയിക്കാനായി 1916 എന്ന 24 മണിക്കൂർ ടോൾ ഫ്രീ നമ്പരിൽ വിളിക്കേണ്ടതാണ്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)