ജലത്താൽ ചുറ്റപ്പെട്ടതാണെങ്കിലും കുടിവെള്ളത്തിന് ഏറെ പ്രയാസം നേരിടുന്ന സ്ഥലമാണ് പൊന്നാനി താലൂക്ക്. പൊന്നാനി സമ​ഗ്ര കുടിവെള്ള പദ്ധതി നാടിനു സമർപ്പിക്കുന്നതിലൂടെ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3. 30 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നു. ബഹു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി, ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ എന്നിവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കർമം നിർവഹിക്കുന്നു. പൊന്നാനി മണ്ഡലം എംപി ഇ.ടി. മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം. കെ. റഫീഖ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

2016-17 സംസ്ഥാന ബജറ്റിൽ പദ്ധതിയിലുൾപ്പെടുത്തി പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിക്ക് 75 കോടി രൂപ ഒന്നാം ഘട്ടത്തിന് അനുവദിക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു. രണ്ടാംഘട്ടമായി പ്ലാന്റിന്റെ ശേഷിക്കനുസരിച്ച് വിതരണശൃംഖല പുനർ നിർമിക്കുന്നതിനായി 125 കോടി രൂപ മുടക്കി കിഫ്ബി പദ്ധതിയിൽ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള ശുദ്ധീകരണ സംവിധാനങ്ങളാണ് പൊന്നാനി ജല ശുദ്ധീകരണ ശാലയിൽ നിർമ്മിച്ചിട്ടുള്ളത്.

ജല ശുദ്ധീകരശാലയ്ക്കു പിന്നാലെ വിതരണ ശൃംഖലയ്ക്ക് 125 കോടി രൂപയുടെ പദ്ധതിയും ഒരുങ്ങി. നിലവിലെ വിതരണ സംവിധാനം പൂർണമായും മാറ്റും. കാലപ്പഴക്കം ചെന്ന പൈപ്പുകൾക്കും മറ്റു വിതരണ സംവിധാനങ്ങളും പകരം അത്യാധുനിക സംവിധാനങ്ങൾ ഒരുക്കും. പൊന്നാനി നഗരസഭയിലേക്ക് മാത്രമാണ് വിതരണശൃംഖല നവീകരിക്കാൻ പദ്ധതി ആയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പുതിയ രണ്ട് ടാങ്കുകൾ സ്ഥാപിക്കും. ചമ്രവട്ടം ജംഗ്ഷനിലെ സെക്ഷൻ ഓഫീസും ടാങ്കും പൊളിച്ചുമാറ്റി അവിടെ 31 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കുകൾ സ്ഥാപിക്കും. മറ്റൊന്ന് തീരദേശമേഖലയിൽ ആണ് സ്ഥാപിക്കുക. എംഇഎസ് കോളേജിനു പിറകിലായി ഫിഷർമെൻ കോളനിയുടെ ചേർന്ന് 24 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമ്മിക്കും. തൃക്കാവിലുള്ള 32 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നവീകരിക്കും. നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും ശുദ്ധജലം നൽകുന്നതിനുള്ള സംവിധാനംമാണ് ഒരുക്കുന്നത്.

നഗരസഭയിലെ 210 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന പൈപ്പുകൾ എല്ലാം മാറ്റി സ്ഥാപിക്കും പുനർനിർമ്മാണത്തിനായി പൊളിക്കുന്ന റോഡുകളുടെ നവീകരണത്തിന് 20 കോടി രൂപയോളം ചെലവഴിക്കും. എല്ലാ വീടുകളിലേക്കും പൈപ്പ് ലൈൻ എത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം വിഭാവനം ചെയ്തിരിക്കുന്നത് നഗരസഭയിൽ ഉടനീളം 22000 വീടുകളിലേക്ക് കണക്ഷൻ നൽകുന്നതിനുള്ള സംവിധാനം ആണ് ഒരുക്കുന്നത്.പദ്ധതി യാഥാർത്ഥ്യമായാൽ ഇടവേളകളില്ലാതെ ശുദ്ധീകരിച്ച ജലം ലഭ്യമാകും.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)