തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി, 2020-21ലെ രണ്ടാംഘട്ടത്തിൽ 5.16 ലക്ഷം കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായുള്ള 2313.11 കോടി രൂപയുടെ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. 611 അംഗൻവാടികൾക്ക് കുടിവെള്ള കണക്ഷൻ നൽകാനായി 61 ലക്ഷം രൂപയും കുടിവെള്ള ഗുണനിലവാര പ്രശ്നങ്ങളുള്ള പ്രദേശങ്ങൾക്ക് താൽക്കാലിക പരിഹാരം ലഭ്യമാക്കാനായി 2.85 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 16.48 ലക്ഷം കണക്ഷനുകൾക്കായി 4343.89 കോടി രൂപയുടെ പദ്ധതികൾക്ക് ഇക്കൊല്ലം ഒാഗസ്റ്റ് 21ന് ഭരണാനുമതി ലഭ്യമാക്കിയിരുന്നു. ഇതോടെ 2020-21ൽ 21.65 ലക്ഷം കണക്ഷനുകൾക്ക് ഭരണാനുമതി ലഭ്യമായി.
ഗ്രാമീണ മേഖലയിൽ ജലജീവൻ വഴി കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. 2020-21ൽ ഇതുവരെ 1.30 ലക്ഷം കണക്ഷനുകളാണ് നൽകിയത്. 2021-22ൽ 12 ലക്ഷം കണക്ഷനും 2022-23ൽ 6.69 ലക്ഷം കണക്ഷനും 2023-24ൽ ബാക്കി 9.54 ലക്ഷം കണക്ഷനും നൽകാൻ ലക്ഷ്യമാക്കിയാണ് പദ്ധതി പ്രവർത്തനം ആസൂത്രണം ചെയ്തിട്ടുള്ളത്. 2024-ഒാടെ 49.65 ലക്ഷം ഗ്രാമീണ വീടുകൾക്കാണ് കണക്ഷൻ നൽകേണ്ടത്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)