വാമനപുരം മണ്ഡലത്തിലെ ആനാട്, നന്ദിയോട്, കുറുപുഴ, പാലോട് പഞ്ചായത്തുകൾക്കു വേണ്ടി എആ‍ർഡബ്ല്യുഎസ്എസ് ( ആക്സിലറേറ്റഡ് റൂറൽ വാട്ടർ സപ്ലൈ പ്രോ​ഗ്രാം), സ്റ്റേറ്റ് പ്ലാൻ, ജലജീവൻ മിഷൻ പദ്ധതികളിൽ ഉൾപ്പെടുത്തി കേരള വാട്ട‍ർ അതോറിറ്റി പൂർത്തിയാക്കിയ സമ​ഗ്ര കുടിവെള്ള പ​ദ്ധതിയുടെ ഉദ്ഘാനം മാർച്ച് 14ന് ജലവിഭവ മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ നിർവഹിക്കും. നന്ദിയോട് ജ​ങ്ഷനിൽ ശനിയാഴ്ച നാലു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ശ്രീ. ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത വഹിക്കും.

ആനാട്‌, കുറുപുഴ, പാലോട്‌ വില്ലേജുകള്‍ക്കു വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ, പാലോട് ഇന്‍ ടേക്ക്‌ വെല്‍ കം പമ്പ്‌ ഹസ്‌, 11.50 ദശലക്ഷം ലിറ്റ‍ർ പ്രതിദിനശേഷിയുള്ള ജലശുദ്ധീകരണശാല, ആനക്കുഴിയിലെ 10 ലക്ഷം ലിറ്റര്‍ ജലസംഭരണി, ആനക്കുഴി 10 ലക്ഷം ലിറ്റര്‍ ജലസംഭരണിയില്‍നിന്നു നന്ദിയോട്‌ പഞ്ചായത്തിലേക്കുള്ള ജലവിതരണ ശൃംഖല, ജലജീവൻ മിഷന്‍ ആനാട്‌, നന്ദിയോട്‌ പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ കൂപ്പ്‌ 6.25 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതലജലസംഭരണി, കൂപ്പ്‌ ഉപരിതലജലസംഭരണിയില്‍നിന്ന് ആനാട്‌ പഞ്ചായത്തിലേക്കുള്ള ജലവിതരണശൃംഖല, ആനാട്‌, നന്ദിയോട്‌ പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ എന്നീ പ്രവൃത്തികളാണ് സമ​ഗ്രകുടിവെള്ള പദ്ധതിയുടെ കീഴിൽ പൂര്‍ത്തീകരിച്ചത്.

വാമനപുരം നിയോജകമണ്ഡലത്തിലുള്‍പ്പെട്ട ആനാട്‌, നന്ദിയോട്‌ പഞ്ചായത്തുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ്‌ ആനാട്‌ – കുറുപുഴ – പാലോട്‌ കുടിവെള്ള പദ്ധതി. ഈ പദ്ധതി വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന്‌ ഘട്ടങ്ങളായാണ്‌ നടപ്പിലാക്കുന്നത്‌. ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ക്ക്‌ കേന്ദ്ര ധനസഹായത്തോടെയുള്ള എന്‍.ആര്‍.ഡി.ഡബ്ല്യു.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014 നവംബറിൽ 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതില്‍ പാലോടുള്ള ഇന്‍ ടേക്ക്‌ വെല്‍ കം പമ്പ്‌ ഹസ്‌ , 11.50 എംഎൽഡി ജലശുദ്ധീകരണശാല, ക്ലിയര്‍ വാട്ടര്‍ സമ്പ്, ആനക്കുഴി 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി എന്നിവയാണ്‌ ഉള്‍പ്പെട്ടിരുന്നത്‌.

കിണർ, പമ്പ്ഹൗസ്, അസംസ്കൃത വാട്ടര്‍ പമ്പിംഗ്‌ മെയിന്‍ എന്നിവ 4.89 കോടിക്കും ജലശുദ്ധീകരണശാല 4.34 കോടി രൂപയ്ക്കും നിര്‍മ്മാണം പൂർത്തീകരിച്ചു.

2016 മുതല്‍ എന്‍.ആര്‍.ഡി.ഡബ്ല്യു.പി. പദ്ധതികള്‍ക്കുള്ള കേന്ദ്ര സാമ്പത്തിക സഹായം വലിയ തോതില്‍ കുറയ്ക്കുകയും പിന്നീട്‌ പൂര്‍ണമായും നിര്‍ത്തലാക്കുകയും ചെയ്തതിനാൽ ഫണ്ടിന്റെ അപര്യാപ്തത ഭരണാനുമതി ലഭിച്ച പദ്ധതിപൂർത്തീകരണത്തെ ബാധിച്ചിരുന്നു. പ​ദ്ധതിയുടെ അവശേഷിക്കുന്ന പ്രവൃത്തികള്‍ക്കായി 2018 ഒാ​ഗസ്റ്റിൽ സ്റ്റേറ്റ്‌ പ്ലാനില്‍ ഉള്‍പ്പെടുത്തി 16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതില്‍ അസംസ്കൃത ജലം പമ്പ് ചെയ്യുന്നതിനായി പമ്പ്‌ സെറ്റുകള്‍ സ്ഥാപിക്കല്‍, നന്ദിയോട്‌ നിലവിലുള്ള ജലസംഭരണിയുടെ പുനരുദ്ധാരണം, പുതുതായി 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള പുതിയ ഭൂതലജലസംഭരണിയുടെ നിര്‍മ്മാണം, ഈ ജലസംഭരണികളിലേയ്ക്ക്‌ ജലശുദ്ധീകരണശാലയില്‍ നിന്നും ശുദ്ധീകരിച്ച ജലം എത്തിക്കുന്നതിനുള്ള പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍, നന്ദിയോട്‌ പഞ്ചായത്തില്‍ 63 കി. മീ. ദൈര്‍ഘ്യത്തില്‍ ജലവിതരണശൃംഖല സ്ഥാപിക്കല്‍ എന്നിവയാണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. ഈ പ്രവൃത്തികള്‍ രണ്ടു പാക്കേജുകളായി പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. 2025 മാർച്ചിൽ വൈദ്യുത കണക്ഷന്‍ ലഭിക്കുകയും തുടര്‍ന്ന്‌ ജലശുദ്ധീകരണശാല കമ്മീഷന്‍ ചെയ്ത് ആനക്കുഴി, നന്ദിയോട്‌ ടാങ്കുകളിലേയ്ക്കുള്ള ശുദ്ധജല പമ്പിങ്‌ മെയിനുകള്‍ ചാര്‍ജ്‌ ചെയ്യുകയും ചെയ്തിട്ടുണ്ട്‌. നന്ദിയോട്‌ പഞ്ചായത്തിലുള്ള ആനക്കുഴി, നന്ദിയോട്‌ ജലസംഭരണികളില്‍ നിന്നുള്ള വിതരണശൃംഖലയിലൂടെ 2025 ഓഗസ്റ്‌ 16 മുതല്‍ ജലവിതരണം നടന്നുവരുന്നു. കുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ടമായി ആനാട്‌, നന്ദിയോട്‌ പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി ജലജീവന്‍ മിഷനിലുള്‍പ്പെടുത്തി 2021-ല്‍ 79.58 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഈ പ്രവൃത്തികള്‍ പുരോ​ഗമിക്കുകയാണ്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)