വാട്ടർ അതോറിറ്റിക്ക് പുതിയ മൂന്നു ഡിവിഷനുകൾ കൂടി
തിരുവനന്തപുരം: കുടിവെള്ള വിതരണ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ മൂന്നു പുതിയ ഡിവിഷനുകൾ കൂടി നിലവിൽ വന്നു. ആലപ്പുഴ സർക്കിളിനു കീഴിൽ പബ്ലിക് ഹെൽത് ഡിവിഷൻ കായംകുളം, കണ്ണൂർ സർക്കിളിനു കീഴിസ്‍ പ്രോജക്ട് ഡിവിഷൻ കാഞ്ഞങ്ങാട്, കോട്ടയം സർക്കിളിനു കീഴിൽ പ്രോജക്ട് ഡിവിഷൻ മീനച്ചൽ-മലങ്കര എന്നിവയാണ് പുതുതായി നിലവിൽ വന്ന ഡിവിഷനുകൾ. എക്സിക്യുട്ടീവ് എൻജിനീയർ മേലധികാരിയായ ഡിവിഷനുകളിൽ ജീവനക്കാരെ പുനർവിന്യാസം വഴിയാണ് നിയമിച്ചിട്ടുള്ളത്. കായംകുളം ആസ്ഥാനമായ കായംകുളം പിഎച്ച് ഡിവിഷന്റെ പരിധിയിൽ പിഎച്ച് സബ് ഡിവിഷൻ എടത്വ, വാട്ടർ സപ്ളൈ പ്രോജക്ട് സബ് ഡിവിഷൻ ഹരിപ്പാട്, വാട്ടർ സപ്ളൈ പ്രോജക്ട് സബ് ഡിവിഷൻ മാവേലിക്കര എന്നീ ഒാഫിസുകളെ ഉൾപ്പെടുത്തി.
പ്രോജക്ട് ഡിവിഷനുകൾ നിലവില്ലാതിരുന്ന കാസർകോട് ജില്ലയിൽ വാട്ടർ അതോറിറ്റിയുടെ ആദ്യ പ്രോജക്ട് ഡിവിഷനാണ് കാഞ്ഞങ്ങാട്ട് നിലവിൽ വരുന്നത്. 1744.66 കോടി രൂപയുടെ ജലജീവൻ മിഷൻ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ള ജില്ലയിൽ പദ്ധതിനിർമാണങ്ങൾക്ക് കൂടുതൽ കാര്യക്ഷമത ലഭിക്കാനാണ് പുതിയ പ്രോജക്ട് ഡിവിഷൻ അനുവദിച്ചത്.
മലങ്കര ഡാമിനെ ആധാരമാക്കിയുള്ള 1243 കോടി രൂപയുടെ ജലജീവൻ മിഷൻ പദ്ധതിനിർമാണം കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാനാണ് കോട്ടയം ജില്ലയിലെ പാലാ ആസ്ഥാനമാക്കി മീനച്ചൽ-മലങ്കര പ്രോജക്ട് ഡിവിഷനു രൂപം നൽകിയത്. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ വാട്ടർ അതോറിറ്റിയുടെ പദ്ധതിനിർവഹണച്ചുമതലയും പുതിയ ഡിവിഷനുണ്ടായിരിക്കും. കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ, പദ്ധതിനിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതലയുള്ള പ്രോജക്ട് ഡിവിഷൻ, പബ്ലിക് ഹെൽത്, വാട്ടർ സപ്ലൈ എന്നീ വിഭാഗങ്ങളിൽ ആകെ ഡിവിഷനുകളുടെ എണ്ണം 48 ആയി.