ഗുരുവായൂർ: കേരള വാട്ടർ അതോറിറ്റിയുടെ ഗുരുവായൂർ അഴുക്കുചാൽ പദ്ധതിക്ക് 60 ലക്ഷത്തിന്റെ റോബോട്ടിക് ശുചീകരണ യന്ത്രം ലഭ്യമാക്കി. ജൻ റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ച ശുചീകരണ യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിച്ചു.
പുതിയ ശുചീകരണയന്ത്രം പ്രവർത്തിച്ചു തുടങ്ങുന്നതോടെ ആൾനൂഴികളും സീവർ ലൈനുകളും വൃത്തിയാക്കാൻ തൊഴിലാളികളെ ഉപയോഗിക്കേണ്ടി വരില്ല. സിവറേജ് ലൈനിലൂടെ മാലിന്യം സുഗമമായി ഒഴുകിപ്പോകുന്നതിന് ലൈനുകളും ആൾനൂഴികളും ഇടയ്ക്കിടെ ശുചിയാക്കേണ്ടത് അത്യാവശ്യമാണ്. തൊഴിലാളികളെ ഉപയോഗിച്ച് ഈ ജോലികൾ നടത്തുമ്പോൾ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. 2021 നവംബർ 16ന് കമ്മിഷൻ ചെയ്ത ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയിൽനിന്ന് ഇതുവരെ 63 കണക്ഷനുകൾ നൽകിയിട്ടുണ്ട്. 12 കണക്ഷനുകൾ നൽകുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ചക്കുംകണ്ടത്ത് പ്രവർത്തിക്കുന്ന ഈ പദ്ധതിയുടെ മാലിന്യസംസ്കരണശാലയുടെ ശേഷി മൂന്ന് എംഎൽഡിയാണ്. ഇത് അഞ്ച് എംഎൽഡിയായി വർധിപ്പിക്കുന്നതിനും പദ്ധതിപ്രദേശം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും 24.75 കോടി രൂപയുടെ പദ്ധതി അമൃത് 2.0-ൽ ഉൾപ്പെടുത്തി സമർപ്പിച്ചിട്ടുണ്ട്.