തിരുവനന്തപുരം: മീറ്റർ റീഡിങ് കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി ആവിഷ്കരിച്ച സെൽഫ് മീറ്റർ റീഡർ ആപ്പ്, മീറ്റർ റീഡർ ആപ്പ് എന്നിവ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. തൊടുപുഴ ഡിവിഷനിൽ ഇന്ന് മീറ്റർ റീഡർമാർ മീറ്റർ റീഡർ ആപ് ഉപയോഗിച്ച് മീറ്റർ റീഡിങ് നടത്തി. കൊച്ചി ഡിവിഷനിലെ തൃപ്പൂണിത്തറ സെക്ഷനിൽ ഉപഭോക്താക്കൾ, സെൽഫ് മീറ്റർ റീഡിങ് ആപ് ഉപയോഗിച്ച് മീറ്റർ റീഡിങ് നടത്തി. ഈ ആപ്ലിക്കേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നവംബർ ആദ്യവാരം നിർവഹിക്കും. കൂടുതൽ സേവനങ്ങൾ ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായാണ് സെൽഫ് മീറ്റർ റീഡർ ആപ്പ്, മീറ്റർ റീഡർ ആപ് എന്നിവ അവതരിപ്പിക്കുന്നത്. സെൽഫ് മീറ്റർ റീഡർ ആപ് ഉപഭോക്താവിന് നേരിട്ട് ഉപയോഗിക്കാവുന്ന രീതിയിലും മീറ്റർ റീഡർ ആപ്, മീറ്റർ റീഡർമാർക്ക് ഉപയോഗിക്കാവുന്ന രീതിയിലുമാണ്. സെൽഫ് മീറ്റർ റീഡിങ് ആപ് വഴി ഉപഭോക്താവിന് നേരിട്ട് റീഡിങ് രേഖപ്പെടുത്താനും ബിൽ തുക ഒടുക്കാനും കഴിയും. റീഡിങ് രേഖപ്പെടുത്തുമ്പോൾ ഫോട്ടോ കൂടി അപ് ലോഡ് ചെയ്യുന്നത് പിഴവുകൾ ഒഴിവാക്കാൻ സഹായിക്കും. പ്ലേ സ്റ്റോറിൽനിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
മീറ്റർ റീഡർ ആപ് മുഖേന മീറ്റർ റീഡർക്ക് റീഡിങ്ങുകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് സെർവറിലേക്ക് ഉടനടി അയയ്ക്കാൻ കഴിയുന്നു. ഉപഭോക്താവിന് ബില്ലുകൾ എസ്എംഎസ് വഴി ലഭ്യമാക്കാനും ഉടനെ പണം അടയ്ക്കാനും സാധിക്കുന്നു. ഇതു കൂടാതെ മീറ്റർ ഡയലിന്റെ ഫോട്ടോ അപ് ലോഡ് ചെയ്യുന്നതു വഴി ലൊക്കേഷൻ സൂക്ഷിക്കാനും സാധിക്കും, ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ മീറ്റർ റീഡിൽ ബുക്കിൽ എഴുതിയെടുത്ത് ഒാഫിസിൽ കൊണ്ടുവന്ന് പോസ്റ്റ് ചെയ്യുന്നതിലെ സമയനഷ്ടവും തെറ്റു വരാനുള്ള സാധ്യതയും ഒഴിവാക്കാൻ സാധിക്കുന്നു. കൂടാതെ ജിയോ ടാഗ് ചെയ്ത റീഡിങ്ങിന്റെ ഫോട്ടോയും ലഭിക്കുന്നു. വാട്ടർ അതോറിറ്റി തിരുവനന്തപുരം സർക്കിളിനു കീഴിലെ പാളയം സെക്ഷനിൽ മീറ്റർ റീഡർ ആപ്പ് ട്രയൽ റൺ നടത്തുകയും മീറ്റർ റീഡർമാർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. കേരള സർക്കാർ സ്ഥാപനമായ കേരള ഡവലപ്മെന്റ് ഇന്നവേഷൻ ആൻഡ് സ്ട്രാറ്റജിക് കൗൺസിലു(കെ-ഡിസ്ക്)മായി സഹകരിച്ചാണ് ആപ്പുകൾ പുറത്തിറക്കിയിട്ടുള്ളത്.