തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും 2024 ഒാടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ നൽകിയ കുടിവെള്ള കണക്ഷനുകളുടെ എണ്ണം 10 ലക്ഷം കടന്നു. 2021-22ൽ ​ഗ്രാമീണ മേഖലയിൽ ആകെ 6.03 ലക്ഷം കണക്ഷനുകളും 2020-21ൽ 4.04 ലക്ഷം കണക്ഷനുകളും നൽകി. ജലജീവൻ മിഷൻ പദ്ധതി ദേശീയ തലത്തിൽ പ്രഖ്യാപിച്ച 2019 ഒാഗസ്റ്റ്‌ 15-ലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ ആകെയുള്ള 70.69 ലക്ഷം ​ഗ്രാമീണ വീടുകളിൽ 16.64 ലക്ഷം വീടുകളിൽ മാത്രമാണ്‌ കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത്‌ (23.54 ശതമാനം). 01-01-2022 ലെ കണക്കനുസരിച്ച്‌ 38% വീടുകൾക്ക്‌ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്‌. കോവിഡ്-പ്രളയകാല പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാനത്ത് പദ്ധതിയിൽ ചിട്ടയായ വളർച്ചയും ​ഗതിവേ​ഗവും ദൃശ്യമാകുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത്‌ ആകെ 27.57 ലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമായിട്ടുണ്ട്‌.

സംസ്ഥാനത്ത്‌ ജല ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നത്‌ കൃത്യമായ മാർഗ്ഗ രേഖയുടെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിലാണ്‌. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നിലവിലുള്ള കുടിവെള്ള പദ്ധതികളിൽ നിന്നും സാധ്യമായ പരമാവധി കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനും നിലവിലുള്ള പദ്ധതികളുടെ
വിപുലീകരണത്തിലൂടെ കുടിവെള്ള കണക്ഷൻ നല്കുന്നതിനുമാണ്‌ മുൻഗണന നൽകിയിട്ടുള്ളത്‌. ഇത്തരം പദ്ധതികളിൽ നിന്നുമുള്ള കണക്ഷനുകളാണ്‌ കഴിഞ്ഞ കാലയളവിൽ പ്രധാനമായും നൽകിയിട്ടുള്ളത്‌. ഇതോടൊപ്പം നിലവിൽ പദ്ധതികളില്ലാത്ത പ്രദേശങ്ങൾക്കായി പുതിയ പദ്ധതികൾ വിഭാവനം ചെയ്ത്‌ ഇതിനകം തന്നെ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്‌. ഇപ്രകാരം സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകൾക്കും കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾക്ക്‌ ഇതിനകം തന്നെ അനുമതി ലഭ്യമാക്കിയിട്ടുണ്ട്‌.

പുതിയ സമഗ്ര കുടിവെള്ള പദ്ധതികളുടെ നിർവഹണത്തിന്‌ താരതമ്യേന കൂടുതൽ സമയം ആവശ്യമായി വരുന്നതിനാൽ പ്രസ്തുത പദ്ധതികളിൽനിന്നുമുള്ള കണക്ഷനുകൾ പൂർണതോതിൽ നൽകിത്തുടങ്ങിയിട്ടില്ല
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ പ്രതിദിന ആളോഹരി ജല ലഭ്യത 55 ലിറ്റർ എന്ന കണക്കിലാണ്‌ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്‌. എന്നാൽ സംസ്ഥാനത്ത്‌ പ്രതിദിന ആളോഹരി ജല ലഭ്യത 100 ലിറ്റർ എന്ന കണക്കിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. കൂടാതെ സംസ്ഥാനത്ത്‌ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കിയിട്ടുള്ള
ഉപരിതല ജല സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ്‌ വിഭാവനം ചെയ്തിട്ടുള്ളത്‌. ഇപ്രകാരമുള്ള പദ്ധതികൾ പൂർത്തീകരിക്കുന്നതിന്‌ കുറഞ്ഞത്‌ 24 മുതൽ 30 മാസത്തോളം വേണ്ടിവരും. മാത്രമല്ല ഇതിലൂടെ ഭൂഗർഭ ജലത്തിന്റെ അമിത ചൂഷണം ഒഴിവാക്കുന്നതും ലക്ഷ്യമിട്ടിട്ടുണ്ട്‌.

സംസ്ഥാനത്ത്‌ ജല ജീവൻ മിഷൻ പദ്ധതിയിലൂടെ പുതുതായി ഏറ്റെടുത്തിട്ടുള്ള സമഗ്ര കുടിവെള്ള പദ്ധതികളിൽ നിന്നും ഇനി വരുന്ന കാലയളവിൽ കുടിവെള്ള കണക്ഷനുകൾ നല്കിത്തുടങ്ങുന്നതോടുകൂടി കണക്ഷനുകൾ നൽകുന്നതിന്റെ വേ​ഗം ഗണ്യമായി വർധിക്കുന്നതാണ്‌. പി.വി.സി പൈപ്പുകളുടെ വിലവർധന പദ്ധതിനിർവഹണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിലും നിലവിൽ പദ്ധതികൾക്കായി പി വി സി പെപ്പുകൾക്ക്‌ പകരം പോളി എത്തിലീൻ (പി.ഇ) പൈപ്പുകളും ഉൾപ്പെടുത്തിയതോടെ പ്രതിസന്ധിക്ക്‌ പരിഹാരമായിട്ടുണ്ട്‌. ജീവനക്കാരുടെ കുറവ്‌ പദ്ധതി നിർവഹണത്തെ ബാധിക്കാതിരിക്കുന്നതിലേക്കായി താൽക്കാലികാടിസ്ഥാനത്തിൽ ആവശ്യമായ ജീവനക്കാരെ നിയമിച്ച്‌ പ്രവൃത്തികൾ തടസ്സം കൂടാതെ നടപ്പിലാക്കുന്നതിനുള്ള നടപടികൾ പദ്ധതിയുടെ പ്രാരംഭ
ഘട്ടം മുതൽ സ്വീകരിച്ചുവരുന്നുണ്ട്‌.

പദ്ധതി നിർവഹണത്തിന്‌ പ്രധാന തടസ്സമായി വരുന്ന ഘടകങ്ങൾ സ്ഥല ലഭ്യതയും പൊതുനിരത്തുകളിലൂടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി പൊതുമരാമത്ത്‌ വകുപ്പ്‌, നാഷണൽ ഹൈവേ അതോറിറ്റി തുടങ്ങിയ ഏജൻസികളിൽ നിന്നും ലഭിക്കുന്നതിനുള്ള കാലതാമസ്സവുമാണ്‌. ഗ്രാമീണ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ബ്രഹത്‌ പദ്ധതിയായ ജല ജീവൻ മിഷൻ സമയബന്ധിതമായി നടപ്പിലാക്കി ലക്ഷ്യം കൈവരിക്കണമെങ്കിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം വളരെ അത്യാവശ്യമാണ്‌. ഇത്‌ മുന്നിൽകണ്ട്‌ ജല ജീവൻ മിഷൻ പദ്ധതി ബഹു: മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടത്തുന്ന മുൻഗണന പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുത്തി പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ സമയ ബന്ധിതമായി പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്‌.

പദ്ധതി നിർവഹണപുരോഗതി വിവിധതലങ്ങളിൽ നിരന്തരം അവലോകനം നടത്തി പദ്ധതിനിർവഹണത്തിൽ നേരിടുന്ന തടസ്സങ്ങൾ അതാത്‌ സമയം തന്നെ പരിഹരിച്ച്‌ നിർവഹണം സുഗമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്‌. പുതിയ പദ്ധതികളിൽനിന്നുമുള്ള കുടിവെള്ള കണക്ഷനുകൾ പൂർണതോതിൽ നല്കിത്തുടങ്ങുന്നതോടുകൂടി വരുന്ന രണ്ട്‌ വർഷത്തിനുള്ളിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ സമ്പൂർണ്ണ ലക്ഷ്യം കൈവരിക്കുന്നതിനുള്ള എല്ലാ സാഹചര്യവും ഇതിനകംതന്നെ ഉറപ്പാക്കിയിട്ടുണ്ട്‌.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content