ജനങ്ങൾക്ക് കുടിവെള്ളം എത്തിയ്ക്കുന്ന സേവനം നൽകുന്നതോടൊപ്പം, ജനസൗഹാർദ്ദമായ പെരുമാറ്റവും ഉറപ്പുവരുത്തേണ്ടതാണെന്ന് ബഹു. ജലവിഭവവകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ KWA യിലെ എൻജിനീയർമാരോട് നിർദേശിച്ചു. കേരള വാട്ടർ വാട്ടർ അതോറിറ്റിയിലെ എൻജിനീയർമാരുടെ സംഘടനകളായ Association of Public Health Engineers, Kerala (APHEK), Engineers Federation of Kerala Water Authority (EFKWA), Assistant Engineers Association (AEA) എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ സംവാദ പരമ്പര Engineers’ Conclave ഇന്റെ ആദ്യ പരിപാടിയിൽ 11.7.2021 നു പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ജനസുരക്ഷയ്ക്കുവേണ്ടി ജലസുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇതിനായി എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജല അതോറിറ്റി ഉദ്യോഗസ്ഥർ ജല അംബാസഡർമാരായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. KWAയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പ്രവർത്തനരീതികൾ ആധുനികവൽക്കരിയ്ക്കുക, ഉദ്യോഗസ്ഥർക്ക് സമ്മർദരഹിതമായ പ്രവൃത്തി സാഹചര്യമൊരുക്കുക, പൈപ്പുകൾ സ്ഥാപിക്കുന്നതിനും പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി റോഡുകൾ മുറിയ്ക്കേണ്ടി വരുന്നതിൽ പ്രായോഗിക സമീപനം ഉറപ്പാക്കുക, മുറിയ്ക്കേണ്ടി വരുന്ന റോഡുകൾ അടിയന്തിരമായി ഗതാഗത യോഗ്യമാക്കുന്നതിനുള്ള ഏകോപനം ഉറപ്പാക്കുക, പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് മറ്റു വകുപ്പുകളുമായി ഓൺലൈൻ മാർഗ്ഗത്തിലൂടെ നടപടികൾ ത്വരിതപ്പെടുത്തുക , പദ്ധതികളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും, ഗുണമേന്മയുള്ള മെറ്റീരിയൽസ് ഉറപ്പു വരുത്തുവാനും പൈപ്പുകളും പമ്പ് സെറ്റുകളും KWA നേരിട്ടു വാങ്ങി കരാറുകാർക്ക് നൽകുന്ന രീതി ഉപയോഗപ്പെടുത്തുക തുടങ്ങിയവയും തന്റെ മുൻഗണനാ വിഷയങ്ങളാണെന്നു അദ്ദേഹം പറഞ്ഞു.
രാജഭരണകാലത്ത് സ്ഥാപിച്ച പൈപ്പുകൾ പിന്നീട് പൊതുജനാരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള വാട്ടർ അതോറിറ്റി എന്നിവ വഴി നടപ്പിലാക്കിയ പല പദ്ധതികളിലും പൂർണമായോ ഭാഗികമായോ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നു എന്നതിനാൽ തന്നെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ ഇപ്പോഴും പദ്ധതികളുടെ ഭാഗമായി ഉണ്ട്. ഇത്തരത്തിൽ കാലപ്പഴക്കംചെന്ന പൈപ്പുകൾ വിവിധ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി ഘട്ടം ഘട്ടമായി മാറ്റി സ്ഥാപിക്കുവാനാണ് ഉദ്ദേശിക്കുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പ് ലൈൻ മാറ്റുന്നതോടൊപ്പം പുതുതായി നിർമ്മിക്കുന്ന റോഡുകളിൽ അറ്റകുറ്റപ്പണിക്ക് വേണ്ടിവരുന്ന ചെലവും റോഡ് മുറിക്കുന്നത് ഉണ്ടാകുന്ന ബുദ്ധിമുട്ടും പരിഗണിച്ച് കാലപ്പഴക്കം മാത്രം അല്ലാതെ മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചുകൊണ്ട് റോഡ് പണിക്കൊപ്പം തന്നെ പൈപ്പ് ലൈനുകൾ മാറ്റി ഇടുക എന്നൊരു രീതി അവലംബിക്കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.