തിരുവനന്തപുരം: ഭാവിയിൽ പോരാട്ടങ്ങൾ ശുദ്ധജലത്തിനു വേണ്ടിയായിരിക്കുമെന്നും അന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ കഴിയാതെ പോകുമോ എന്ന ആശങ്ക മുൻകൂട്ടി കാണാനുള്ള കരുതലും അത്തരം അവസ്ഥ സംജാതമാകാത്ത രീതിയിലുള്ള പ്രവർത്തനവുമാണ് വാട്ടർ അതോറിറ്റിയിൽ നിന്നുണ്ടാകേണ്ടതെന്നും ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ പറഞ്ഞു. കേരള വാട്ടർ അതോറിറ്റി സമഗ്ര വിവര സാങ്കേതികവിദ്യയിലേക്കു ചുവടു മാറുന്നതിന്റെ ഭാഗമായി ആറു പുതിയ വിവര സാങ്കേതികവിദ്യാ സംരഭങ്ങളുടെ ഉദ്ഘാടനം അതോറിറ്റി ആസ്ഥാന നിർവഹിക്കുകയായിരുന്നു മന്ത്രി. ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ്, ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ്, വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ ശ്രീ. എസ്. വെങ്കടേസപതി ഐഎഎസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കടുത്ത പ്രാരാബ്ധങ്ങളനുഭവിക്കുന്ന ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവരുടെ വീടുകളിൽ കുടിവെള്ളം സൗജന്യമായി എത്തിക്കാൻ കഴിയുമോ എന്നു വാട്ടർ അതോറിറ്റി പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

പുതിയ ഐടി സംരംഭങ്ങൾ, വീട്ടിലിരുന്നു തന്നെ എല്ലാ വാട്ടർ അതോറിറ്റി സേവനങ്ങളും ലഭിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നതാണ്. പുതിയ സംരംഭങ്ങളിലൂടെ സമയലാഭം, കാര്യശേഷിയിലെ വർധന, സാമ്പത്തികാഭിവൃദ്ധി എന്നിവ നേടാൻ സാധിക്കും. പരാതിപരിഹാരത്തിനും സർവീസ് തടസ്സം നേരിടുമ്പോൾ എസ്എംഎസ് അറിയിപ്പു നൽകുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ഏറ്റവും പ്രധാനമാണെന്നും ഇതിലൂടെ കാര്യക്ഷമതയിൽ മുന്നേറാനും പൊതുജനങ്ങളുമായുള്ള മികച്ച ബന്ധം നിലനിർത്താനും കഴിയുമെന്നും ജലവിഭവ വകുപ്പു മന്ത്രി ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ പരാതിപരിഹാര സംവിധാനമായ അക്വാലൂം, കരാറുകാർക്ക് ഒാൺലൈൻ ആയി ലൈസൻസ് എടുക്കാനും പുതുക്കാനുമായി രൂപം കൊടുത്ത കോൺട്രാക്ടർ ലൈസൻസിങ് മാനേജ്മെന്റ് സിസ്റ്റം, കടലാസ് രഹിത ഫയൽ സംവിധാനമായ ഇ – ഫയലിങ്, വാട്ടർ അതോറിറ്റി സംബന്ധമായ സമ​ഗ്ര വിവരങ്ങളും പദ്ധതിനിർവഹണത്തിന്റെ തൽസ്ഥിതിയും ലഭ്യമായ പരിഷ്ക്കരിക്കപ്പെട്ട വെബ്സൈറ്റ്(www.kwa.kerala.gov.in), കുടിവെള്ളം വിതരണം താൽക്കാലികമായി തടസ്സപ്പെടുമ്പോൾ ഉപഭോക്താക്കൾക്ക് എസ്എംഎസ് വഴി അറിയിപ്പ് നൽകാനായുള്ള സർവീസ് ഇന്ററപ്ഷൻ ഇൻഫർമേഷൻ സിസ്റ്റം, ബില്ല് നൽകുമ്പോഴും പണമടയ്ക്കുമ്പോഴും എസ്എംഎസ് വഴി ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കുന്ന എസ്എംഎസ് അലേർട് സർവീസ് എന്നീ പുതിയ ഐടി സംരംഭങ്ങൾക്കാണ് വാട്ടർ അതോറിറ്റിയിൽ തുടക്കമാകുന്നത്.

പുതിയ സോഫ്റ്റ് വെയറുകൾ

ഇ- ഫയലിംഗ് സംവിധാനം – കേരളാ വാട്ടർ അതോറിറ്റിയെ കടലാസ് രഹിത സ്ഥാപനമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് ഈ ഫയലിംഗ് സംവിധാനം. സംസ്ഥാനമൊട്ടാകെയുള്ള അതോറിറ്റി ഓഫീസുകളെ കംപ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിച്ച് ഫയൽ നീക്കങ്ങൾ അതുവഴിയാക്കുന്ന പദ്ധതിയാണിത്. താഴെ തട്ടിലെ ഓഫീസുകൾ മുതൽ ഉയർന്ന ഓഫീസുകൾ വരെയുള്ള ഫയൽ നീക്കങ്ങൾ അതിവേഗത്തിലും കാര്യക്ഷമമാക്കുകയും ആണ് ലക്ഷ്യം. ഇതുവഴി സമയ ലാഭവും സ്റ്റേഷനറി ഇനത്തിലുണ്ടാകുന്ന ലാഭവും നേടുന്നതിനു പുറമെ പരിസ്ഥിതി
സൗഹൃദ സ്ഥാപനമാകുകയും കൂടിയാണ് വാട്ടർ അതോറിറ്റി.

എസ്എംഎസ് അലേർട്ട് സർവീസ്- ഉപഭോക്താക്കളുടെ സ്പോട്ട് ബില്ല് വിവരങ്ങൾ ബില്ലിംഗ് സംവിധാനത്തിൽ ചേർക്കുന്ന സമയം തന്നെ വാട്ടർ അതോറിറ്റിയുടെ എസ്എംഎസ് ഗേറ്റ്വേയിലൂടെ, കൺസ്യൂമർ നമ്പരിനൊപ്പം റജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് ബിൽ വിവരങ്ങൾ എസ്എംഎസ് വഴി അറിയിക്കുന്നു. കൂടാതെ പണമടയ്ക്കുമ്പോൾ തന്നെ രസീത് വിവരവും ഉപഭോക്താവിന്റെ റജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പരിലേക്ക് എസ്എംഎസ് വഴി അറിയിക്കുന്ന സംവിധാനമാണിത്.

സർവ്വീസ് ഇന്ററപ്ഷൻ ഇൻഫർമേഷൻ സിസ്റ്റം – ജലവിതരണ തടസ്സങ്ങൾ, കൺസ്യൂമർ നമ്പറിനൊപ്പം റജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറുകളിലേക്ക് എസ്എംഎസ് മുഖേന അറിയിക്കുന്ന സംവിധാനമാണിത്.

അക്വാലൂം( AQUALOOM) – വാട്ടർ അതോറിറ്റി ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിനായി വികസിപ്പിച്ചെടുത്ത സോഫ്ട് വെയറാണ് അക്വാലൂം. വിവിധ മാർ​ഗങ്ങളിലൂടെ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട സെക്ഷനിലേക്ക് കൈമാറി, ഏറ്റവും വേഗത്തിൽ പരാതി പരിഹാരമുണ്ടാക്കി ഉപഭോക്താക്കളെ അറിയിക്കുന്നു.

കോൺട്രാക്ടേഴ്സ് ലൈസൻസ് മാനേജ്മെന്റ് സിസ്റ്റം – വാട്ടർ അതോറിറ്റിയിലെ അംഗീകൃത കരാറുകാരുടെ സംസ്ഥാനവ്യാപകമായുള്ള ലൈസൻസ് രജിസ്ട്രേഷൻ, പുതുക്കൽ, അപ്ഗ്രഡേഷൻ, ഫീ പേയ്മെന്റ് മുതലായവ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായുള്ള സോഫ്റ്റ് വെയർ ആണ് കോൺട്രാക്ടേഴ്സ് ലൈസൻസ് മാനേജ്മെന്റ് സിസ്റ്റം

നവീകരിച്ച വെബ്സൈറ്റ് – വാട്ടർ അതോറിറ്റിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും സുതാര്യമാക്കി പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്ന സംരംഭമാണ് നവീകരിക്കപ്പെട്ട വെബ്സൈറ്റ്. അതോറിറ്റിയുടെ സേവനമേഖലകൾ, പദ്ധതികൾ, സ്കീമുകൾ, വിവിധ വിഭാഗങ്ങൾ, സാമ്പത്തിക സ്ഥിതി വിവരങ്ങൾ, ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പടെ വളരെ വലിയ ഡാറ്റാബേസ് ഇതുവഴി ഏവർക്കും ലഭ്യമാകുന്നു. സമഗ്ര വിവര സാങ്കേതികവിദ്യാ യിലേക്കു മാറുമ്പോൾ ജീവനക്കാർക്ക് ഒറ്റ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അതോറിറ്റിയുടെ വിവിധ സോഫ്റ്റ് വെയറുകളിൽ പ്രവേശിച്ചു ജോലിചെയ്യാനും ആവും.

കേരള വാട്ടർ അതോറിറ്റിയുടെ ആറു നൂതന ഐടി സോഫ്റ്റ് വെയറുകളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ നിർവഹിക്കുന്നു. ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ്, വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ ശ്രീ. എസ്. വെങ്കടേസപതി ഐഎഎസ് എന്നിവർ സമീപം.

കേരള വാട്ടർ അതോറിറ്റി ഐടി സോഫ്റ്റ്വെയറുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം, ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ, അതോറിറ്റി കോൾ സെന്ററിന്റെ പ്രവർത്തനം വിലയിരുത്തുന്നു.

വാട്ടർ അതോറിറ്റി ഔദ്യോ​ഗിക പ്രസിദ്ധീകരണമായ ജലതരം​ഗത്തിന്റെ ജൂൺ ലക്കം ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ പ്രകാശനം ചെയ്യുന്നു.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content