പാലക്കാട് : മൂങ്ങിൽമടയിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി സന്ദർശനം നടത്തി. മൂങ്ങിൽമടയിൽ എട്ടു ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണ ശാല, 11 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതല ജലസംഭരണി, പമ്പിംഗ് മെയിനിൽനിന്ന് 16 കി. മീ. ദൈർഘ്യമുള്ള പൈപ്പ്ലൈൻ, 9 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി എന്നിവയുൾപ്പെടുന്ന 23 കോടി രൂപയുടെ കിഫ്ബി പദ്ധതിയുടെയും 294 കി.മീ. വിതരണ ശൃംഖലയുൾപ്പെടുന്ന 42 കോടി രൂപയുടെ ജലജീവൻ പദ്ധതിടെയും നിർമാണമാണ് നടക്കുന്നത്. നിർമാണം പുരോഗമിക്കുന്ന ജലജീവൻ പദ്ധതി വഴി വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലായി 13436 ഗാർഹിക കുടിവെള്ള കണക്ഷനുകളാണ് അനുവദിക്കുന്നത്. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിലുൾപ്പെട്ട ഈ രണ്ടു പദ്ധതികളും 2021 മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബഹു. ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചു.