തിരുവനന്തപുരം: ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി 21 ദിവസം പിന്നിടുമ്പോൾ ഇതുവരെ സംസ്ഥാനത്ത് 4377 കുടിവെള്ള കണക്ഷൻ അനുവദിച്ചു. ഇതുൾപ്പെടെ നടപ്പുസാമ്പത്തിക വർഷം സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ വാട്ടർ അതോറിറ്റി 45250 കുടിവെള്ള കണക്ഷനുകൾ അനുവദിച്ചു.


പദ്ധതി നിർവഹണത്തിനായി 2020-21ൽ ബജറ്റ് വിഹിതമായി കേന്ദ്രസർക്കാർ 404.24 കോടി രൂപ വകയിരുത്തിയതിൽ നാളിതുവരെ 72.16 കോടിരൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. പ്രസ്തുത കേന്ദ്രവിഹിതവും തത്തുല്യമായ സംസ്ഥാനവിഹിതവുമുൾപ്പെടെ 144.32 കോടി രൂപ, പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന വാട്ടർ അതോറിറ്റിക്കു കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ് ഇന്നു(30.10.2020) പുറത്തിറങ്ങിയിട്ടുണ്ട്.


ജലജീവൻ മിഷൻ പദ്ധതിപ്രകാരം സംസ്ഥാനത്ത് ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 694 പഞ്ചായത്തുകളിലായി 15.91 ലക്ഷം കണക്ഷൻ നൽകാനുള്ള 801 പ്രവൃത്തികൾക്ക് വാട്ടർ അതോറിറ്റി വഴി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. 114 നിയോജക മണ്ഡലങ്ങളിലായി 4.95 ലക്ഷം കണക്ഷൻ നൽകാനുള്ള 447 പ്രവൃത്തികൾക്ക് ഇതുവരെ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. നവംബർ 30നകം ഇതുവരെ ടെൻഡർ ചെയ്ത 15.91ലക്ഷം കണക്ഷനുകൾക്കുള്ള പ്രവർത്തനാനുമതി നൽകാൻ ലക്ഷ്യമിടുന്നു. 2020-21ൽ ആദ്യഘട്ടമായി 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം കണക്ഷനുകൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
2020-21ൽ ഇനി ഭരണാനുമതി ലഭിക്കാനുള്ള 4.94 ലക്ഷം കണക്ഷനുകൾക്കുള്ള സംസ്ഥാന ജല-ശുചിത്വ മിഷൻ, സ്റ്റേറ്റ് വെലൽ സാങ്ഷനിങ് കമ്മിറ്റി എന്നിവയുടെ അംഗീകാരം നവംബർ 30നകം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നവംബർ 30നുള്ളിൽ ഒരു ലക്ഷം കണക്ഷനുകളും ഡിസംബർ 31നുള്ളിൽ നാലു ലക്ഷം കണക്ഷനുകളും അധികമായി നൽകാൻ ലക്ഷ്യമിടുന്നു.


ജലജീവൻ പദ്ധതി നടത്തിപ്പിനായി 2019-20ൽ 101.29 കോടി രൂപ കേന്ദ്രവിഹിതമായി സംസ്ഥാന സർക്കാരിന് അനുവദിച്ചുകൊടുത്തിരുന്നു. തുടർന്ന് സംസ്ഥാനം 50 കോടി രൂപ, വാട്ടർ അതോറിറ്റിക്ക് കൈമാറി. കേന്ദ്ര മാർഗനിർദേശമനുസരിച്ച് പദ്ധതിത്തുകയുടെ 60 ശതമാനം ചെലവഴിക്കേണ്ടതിനാൽ മറ്റു ഫണ്ടുകളിൽനിന്ന് പണം കണ്ടെത്തി ആകെ 125.96 കോടി രൂപ പദ്ധതിയിനത്തിൽ വാട്ടർ അതോറിറ്റി വിനിയോഗിക്കുകയും വിനിയോഗ സർട്ടിഫിക്കറ്റ് കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.


2020-21ൽ സംസ്ഥാന സർക്കാർ മുൻവർഷത്തെ കേന്ദ്രവിഹിതത്തിന്റെ ബാക്കി തുകയായി 51.29 കോടി രൂപയും മുൻവർഷത്തെ സംസ്ഥാന വിഹിതമായ 101.29 കോടി രൂപയുമുൾപ്പെടെ ആകെ 152.58 കോടിരൂപ വാട്ടർ അതോറിറ്റിക്ക് നൽകി. ഇൗ തുകയിൽനിന്ന,് മുൻ വർഷം മറ്റു ഫണ്ടുകളിൽനിന്ന് കണ്ടെത്തിയ തുക തിരികെ നൽകുകയും ബാക്കിയുള്ളവ പദ്ധതിപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തു വരികയാണ്.

15ാം ധനകാര്യ കമ്മീഷൻ 2020-21 ലേക്ക് പ്രത്യേക ഗ്രാന്റായി അനുവദിച്ച തുക തദ്ദേശ സ്വയം ഭരണ വകുപ്പിനാണു ലഭിച്ചിട്ടുള്ളത്. ഇൗ തുക പഞ്ചായത്തു വിഹിതമായി പദ്ധതിക്ക് വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ ഭരണ വകുപ്പിനു ശുപാർശ നൽകിയിട്ടുണ്ട്.


ഫ്ളൂറൈഡ് ബാധിത മേഖലയിൽ വെള്ളമെത്തിക്കുന്നതിന് കേന്ദ്രം നടപ്പാക്കിയിരുന്ന ദേശീയ ജല ഗുണനിലവാര ഉപ മിഷൻ(എൻഡബ്ല്യുക്യുഎസ്എം) പദ്ധതിയിൽ ബാക്കി നിൽക്കുന്ന തുകയായ 2.15 കോടി രൂപ വിനിയോഗിക്കാനുള്ള അനുമതിക്കായി കേന്ദ്ര സർക്കാരിന് കത്തു നൽകിയിരിക്കുകയാണ്. കുടിവെള്ള കണക്ഷൻ ഒന്നും തന്നെയില്ലാത്ത 95 പഞ്ചായത്തുകളിൽ കണക്ഷൻ അനുവദിക്കുന്നതിനുള്ള പ്രവൃത്തികൾ ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഒക്റ്റോബർ രണ്ടിനു പ്രഖ്യാപിച്ച 100 ദിന പ്രചാരണ പരിപാടിയുടെ ഭാഗമായി നിലവിൽ കുടിവെള്ളം ലഭ്യമല്ലാത്ത എല്ലാ ഗ്രാമീണ സ്കൂളുകളിലും അംഗനവാടികളിലും വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പുകളുടെയും കൂടി സഹകരണത്തോടെ കുടിവെള്ളം എത്തിക്കാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുത്തിട്ടുണ്ട്.


പദ്ധതിയുടെ പ്രവർത്തനപുരോഗതി ആഴ്ചതോറും ജലവിഭവ വകുപ്പുമന്ത്രി നേരിട്ടു വിലയിരുത്തുന്നുണ്ട്. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും നേരിട്ട് പ്രവർത്തന പുരോഗതി വിലയിരുത്തി നിർദേശങ്ങൾ നൽകിവരുന്നു.
പദ്ധതിപ്രവർത്തനം മിഷൻ അടിസ്ഥാനത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിനാൽ പ്രവർത്തനപുരോഗതി വിലയിരുത്താനും നിർവഹണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനുമായി വാട്ടർ അതോറിറ്റി ചാർജ് ഒാഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ദിവസേനയുള്ള പ്രവർത്തന പുരോഗതി വാട്ടർ അതോറിറ്റി വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. 2024ഒാടു കൂടി പദ്ധതി പൂർത്തീകരിക്കേണ്ടതിനാൽ സംസ്ഥാന സർക്കാർ അതീവ പ്രാധാന്യത്തോടെയാണ് കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിക്കിടയിലും ഇൗ പദ്ധതി നടപ്പിലാക്കുന്നത്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content