തിരുവനന്തപുരം: സംസ്ഥാനത്തെ ​ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കാനായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ, വാട്ടർ അതോറിറ്റി മുഖേന നൽകുന്ന കണക്ഷനുകളുടെ നടപടിക്രമങ്ങൾ ലളിതമാക്കാൻ മൊബൈൽ സൗഹൃദ വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. വാട്ടർ അതോറിറ്റി ഐടി വിഭാ​ഗം രൂപകൽപ്പന ചെയ്ത ഇ-ടാപ്പ് (e-TAPP) എന്ന മൊബൈൽ സൗഹൃദ വെബ് ആപ്പ് വഴിയാണ് ജലജീവൻ കണക്ഷനുകൾ അനുവദിക്കുന്നത്. ആധാർ കാർഡും മൊബൈൽ നമ്പർ പേര്, അഡ്രസ്സ് എന്നിവ മാത്രമാണ് ഉപഭോക്താവിൽനിന്ന് ആവശ്യമുള്ളത്. വാട്ടർ അതോറിറ്റി നൽകുന്ന എല്ലാ ജലജീവൻ കണക്ഷനുകളുടെയും നടപടിക്രമങ്ങൾ നിർവഹിക്കുന്നത് ഈ ആപ് വഴിയാണ്.

2020-21ൽ 21.42 ലക്ഷം കണക്ഷനുകൾ നൽകേണ്ടതുള്ളതിനാൽ സാധാരണ കണക്ഷൻ നടപടികൾ ജലജീവൻ കണക്ഷനുകൾക്ക് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഒട്ടേറെ കണക്ഷൻ നൽകേണ്ടതുള്ളതിനാൽ നടപടികൾ ലളിതമാക്കാനും കണക്ഷൻ അനുവദിക്കാനായി ആപ്പ് വികസിപ്പിക്കാനും തീരുമാനിക്കുകയുമായിരുന്നു.

ജലജീവൻ കണക്ഷൻ ജോലികൾ നിർവഹിക്കുന്ന ജീവനക്കാർക്ക് ഇ-ടാപ്പ് യൂസർ ഐഡിയും പാസ് വേഡും നൽകിയിട്ടുണ്ട്.
കണക്ഷൻ നൽകേണ്ട വീട്ടിലെത്തി ഉപഭോക്താവിന്റെ ആധാർ നമ്പരും മൊബൈൽ നമ്പരും പേരും അഡ്രസ്സും സ്വീകരിച്ച ശേഷം മീറ്റർ സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിന്റെ ജിപിഎസ് ഘടകങ്ങൾ ആപ് വഴി രേഖപ്പെടുത്തും. തുടർന്ന് ഏരിയ കോഡ്, ആധാർ നമ്പർ, മൊബൈൽ നമ്പർ, മീറ്റർ നമ്പർ, മീറ്ററിന്റെ പ്രഥമ റീഡിങ് എന്നിവ രേഖപ്പെടുത്തിയ ശേഷം ആപ് വഴി തന്നെ കണക്ഷൻ വിവരങ്ങൾ അസിസ്റ്റന്റ് എൻജിനീയറുടെ അം​ഗീകാരത്തിനായി അയയ്ക്കുന്നു. അസിസ്റ്റന്റ് എൻജിനീയർ ഇത് അം​ഗീകരിക്കുന്നതോടെ പുതിയ കണക്ഷൻ നിലവിൽ വരുകയും ഈ ഡാറ്റ അതോറിറ്റിയുടെ റവന്യു കലക്ഷൻ സോഫ്റ്റ് വെയറായ ഇ-അബാക്കസിൽ എത്തുകയും ചെയ്യുന്നു. ഇതോടെ അബാക്കസിൽ പുതിയ കണക്ഷന്റെ കൺസ്യൂമർ ഐഡിയും കൺസ്യൂമർ നമ്പരും സൃഷ്ടിക്കപ്പെടുകയും ഈ വിവരങ്ങൾ ഉപഭോക്താവിന്റെ മൊബൈൽ നമ്പരിലേക്ക് അയച്ചുകൊടുക്കുയും ചെയ്യുന്നതോടെ ജലജീവൻ കുടിവെള്ള കണക്ഷൻ നടപടിക്രമങ്ങൾ പൂർത്തിയാവുകയും ചെയ്യും.

ഇ-ടാപ്പ് വെബ് ആപ്പ്, വാട്ടർ അതോറിറ്റി ജീവനക്കാർക്ക് കണക്ഷൻ നടപടികൾ നിർവഹിക്കാൻ വേണ്ടിയുള്ളതാണ്. ഇത് ഇന്റർനെറ്റിൽ പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയില്ലെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content