ജലജീവൻ മിഷൻ പദ്ധതി വഴിയുള്ള സംസ്ഥാനത്തെ ആദ്യ കുടിവെള്ള കണക്ഷൻ തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ പഞ്ചായത്തിൽ നൽകി. വാട്ടർ അതോറിറ്റിയുടെ അരുവിക്കര ഹെഡ് വർക്സ് ഡിവിഷനാണ് കുടിവെള്ള കണക്ഷൻ അനുവദിച്ചത്. കുറ്റിച്ചൽ പച്ചക്കാട് സ്വദേശി കെ.പി. മുഹമ്മദിനാണ് കേരളത്തിൽ ജലജീവൻ മിഷൻ വഴിയുള്ള ആദ്യ കണക്ഷൻ ലഭ്യമായത്. അരുവിക്കര ഡിവിഷനു കീഴിൽ രണ്ടുദിവസം കൊണ്ട് കുറ്റിച്ചൽ, അരുവിക്കര, പനവൂർ, പാങ്ങോട്, പുല്ലമ്പാറ പഞ്ചായത്തുകളിലായി 45 ജലജീവൻ കുടിവെള്ള കണക്ഷനുകളാണ് നൽകിയത്. വയനാട് ഡിവിഷനു കീഴിൽ സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലായി മൂന്ന് ആദിവാസി കുടുംബങ്ങൾക്ക് ആദ്യ കണക്ഷൻ നൽകി. മൂന്നു കുടുംബങ്ങൾക്കുമായുള്ള കണക്ഷന്റെ പ്രവർത്തനാനുമതി എംഎൽഎമാരായ എെ. സി ബാലകൃഷ്ണൻ, കെ. കേളു എന്നിവർ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കൈമാറി. പാലക്കാട്, തൃശൂർ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ജലജീവൻ വഴി കുടിവെള്ള കണക്ഷൻ അനുവദിച്ചു. ജലജീവൻ പദ്ധതി വഴി നടപ്പുസാമ്പത്തിക വർഷം 21.42 ലക്ഷം ഗ്രാമീണ വീടുകൾക്കാണ് കുടിവെള്ളം നൽകുന്നത്. ആദ്യഘട്ടത്തിൽ ഭരണാനുമതി ലഭിച്ച 16.48 ലക്ഷം കണക്ഷനുകളാണ് ഇപ്പോൾ നൽകിത്തുടങ്ങുന്നത്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content