ഗുണനിലവാര നിയന്ത്രണ വിഭാഗത്തെക്കുറിച്ച്

Now Pay Your Water Testing Fee Online

ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി എല്ലാ ജില്ലകളിലും സ്ഥാപിതമായിരിക്കുന്ന ജില്ലാ ലബോറട്ടറികളുടെ ശൃംഖല വഴിയുള്ള സംവിധാനം കേരളാ വാട്ടർ അതോറിറ്റിക്കുണ്ട്. 2009 ൽ സ്ഥാപിതമായ ജല ഗുണനിലവാര നിരീക്ഷണത്തിനും നിരീക്ഷണ പ്രവർത്തനങ്ങൾക്കുമുള്ള പരമോന്നത സ്ഥാപനമാണ് എറണാകുളത്തുള്ള സ്റ്റേറ്റ് ലാബ് - സ്റ്റേറ്റ് റെഫറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ക്വാളിറ്റി (എസ്ആർഐ) നെട്ടൂർ. സ്റ്റേറ്റ് ലാബിന് 2017 ൽ NABL (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസ്) അക്രഡിറ്റേഷൻ ലഭിക്കുക ഉണ്ടായി.

വിവിധ ജലവിതരണ പദ്ധതികളിലൂടെ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുകയും വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന്റെ പ്രധാന പ്രവർത്തനം. KWA ജലമെടുക്കുന്ന നദിസ്രോതസ്സുകളിലെയും, കിണറുകളിലലേയും, സ്വകാര്യ വ്യക്തികളുടെ ജലസാമ്പിളുകളുടേയും ജലത്തിന്റെ ഗുണനിലവാരം ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന് കീഴിലുള്ള ലാബുകളിൽ പരിശോധിക്കുന്നു. ജലസംസ്കരണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഗുണനിലവാര സർട്ടിഫിക്കേഷനും ലാബുകളിൽ നടക്കുന്നു.

ക്വാളിറ്റി കൺട്രോൾ വിംഗ്, ഡയറക്ടർ (സൂപ്രണ്ടിംഗ് എഞ്ചിനീയർ), സ്റ്റേറ്റ് റെഫറൽ ഇൻസ്റ്റിററ്യുട്ട്ന്റെ നിയന്ത്രണത്തിലാണ്. സ്റ്റേറ്റ് റെഫറൽ ഇൻസ്റ്റിററ്യുട്ട്ന്റെ കീഴിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ മൂന്ന് ഗുണനിലവാര നിയന്ത്രണ വിഭാഗങ്ങളുണ്ട് (ഡിവിഷൻ). ഓരോ ഡിവിഷനും രണ്ട് ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷനുകളുണ്ട്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്കാണ് ഇതിന്റെ ചുമതല. അസിസ്റ്റന്റ് എഞ്ചിനീയർമാർക്കാണ് ജില്ലാ ലാബുകളുടെ ചുമതല.

കേരള ജല അതോറിറ്റിയുടെ വിവിധ ജലവിതരണ പദ്ധതികളിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം, നിശ്ചിത ഇടവേളകളിൽ ജല സാമ്പിളുകൾ എടുത്ത് അവ വിശകലനം നടത്തി എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ തലം വരെയുള്ള ത്രിതല പരിശോധനാ സംവിധാനം വഴി കുടിവെള്ളത്തിന്റെ ഗുണനിലവാരം പരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. പരിശോധനക്കായി ശേഖരിക്കുന്ന ജല സാമ്പിളുകൾ ജില്ലാ ലബോറട്ടറികളിലെ ഐ‌എസ് 10500-2012 അനുസരിച്ച് അടിസ്ഥാനഭൗതിക, രാസ, ബാക്ടീരിയോളജിക്കൽ പാരാമീറ്ററുകൾക്കനുസൃതമായി വിശകലനം ചെയ്യുകയും വിശകലന ഫലങ്ങളിൽ അസ്വാഭാവികത എന്തെകിലും ഉണ്ടെങ്കിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതിനായി പദ്ധതികളുടെ ചുമതലയുള്ള മെയിന്റനൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യുന്നു. വിവിധ ജലവിതരണ പദ്ധതികളുടെ 20,000 ത്തോളം സ്ഥലങ്ങളിൽ നിന്നുള്ള ശരാശരി നിലവാര സാമ്പിളുകൾ ഓരോ വർഷവും എടുത്ത് വിശകലനം ചെയ്യുന്നു. നിറം, ദുർഗന്ധം, കലക്കൽ , പി‌എച്ച്, വൈദ്യുത ചാലകത, അസിഡിറ്റി, ക്ഷാരത്വം, സൾഫേറ്റ്, അലിഞ്ഞിരിക്കുന്ന ഖരദ്രവ്യങ്ങൾ (TDS), ജല കാഠിന്യത, കാൽസ്യം, മഗ്നീഷ്യം, ക്ലോറൈഡ്, ഫ്ലൂറൈഡ്, ഇരുമ്പ്, നൈട്രേറ്റ്, അവക്ഷിപ്ത ക്ലോറിൻ, കോളിഫോം, ഇ. കോളി ഇവ എല്ലാമാണ് ലാബുകളിൽ പരീക്ഷിക്കുന്ന പാരാമീറ്ററുകൾ

പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന ജല സാമ്പിളുകളും ജില്ലാ ലാബുകളിൽ ടെസ്റ്റിംഗ് ഫീസ് ശേഖരിച്ച ശേഷം പരിശോധിക്കുന്നു. ഇങ്ങനെ 2019-20 ൽ ഏകദേശം 42000 സ്വകാര്യ സാമ്പിളുകൾ പരീക്ഷിച്ചു. കൂടാതെ, സംസ്ഥാനത്തെ 44 നദികളിലെ നിർദ്ദിഷ്ട ജലവിതരണ പദ്ധതികളുടെ ജലത്തിന്റെ ഗുണനിലവാരം പ്രതിമാസ സാമ്പിൾ വഴി കേരള വാട്ടർ അതോറിറ്റി നിരീക്ഷിക്കുന്നു. ജലസംസ്കരണത്തിനായി ഉപയോഗിക്കുന്ന ആലം, കുമ്മായം, ബ്ലീച്ചിംഗ് പൗഡർ എന്നിവയുടെ ഗുണനിലവാര സർട്ടിഫിക്കേഷനും ജില്ലാ ലാബുകളിൽ നടത്തുന്നു. ശബരിമല സീസണിൽ ശബരിമല, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി അവിടെ ഗുണനിലവാര നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു.

ജലത്തിന്റെ ഗുണനിലവാരത്തിന്റെ 11 പാരാമീറ്ററുകൾ‌ പരിശോധിക്കുന്നതിനായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസ് (NABL) അംഗീകൃച്ച സ്ഥാപനമാണ് SRI യുടെ സ്റ്റേറ്റ് ലാബ്. ആറ്റമിക് അബ്സോർഷൻ സ്പെക്ട്രോ ഫോട്ടോമീറ്റർ (AAS) ഉപയോഗിച്ച് ഹെവി മെറ്റൽ വിശകലനത്തിനും ഗ്യാസ് ക്രോമാറ്റോഗ്രാഫ് ഉപയോഗിച്ചുള്ള കീടനാശിനികളുടെ വിശകലനത്തിനും പുറമേ ജില്ലാ ലാബുകളിൽ ഭൗതിക-രാസ, ബാക്ടീരിയോളജിക്കൽ പാരാമീറ്ററുകളും പരീക്ഷിക്കുന്നു. പരീക്ഷണ രംഗത്ത് കൂടുതൽ വിപുലീകരണം വരും വർഷങ്ങളിൽ വിഭാവനം ചെയ്യുന്നു.

KWA യുടെ സംസ്ഥാന ലാബിനും 14 ജില്ലാ ലാബുകൾക്കും പുറമെ, NRDWP പ്രകാരം സ്ഥാപിതമായ 32 ഉപ ജില്ലാ ലബോറട്ടറികളും ഗ്രാമീണ വാസസ്ഥലങ്ങളിലെ സ്വകാര്യ ജലസ്രോതസ്സുകൾ പരീക്ഷിക്കുന്നതിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. ഇവ പ്രതിവർഷം 8000 ജലസ്രോതസ്സുകൾ പരീക്ഷിക്കുകയും ഫലങ്ങൾ ഇന്ത്യാ ഗവൺമെന്റ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു https://ejalshakti.gov.in

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)