തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ നിലയ്ക്കൽ-സീതത്തോട് കുടിവെള്ള പദ്ധതി പ്രവർത്തനം തുടങ്ങിയതിനു ശേഷം നടന്ന ആദ്യ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടന കാലത്ത് ടാങ്കർ ലോറി വഴി വിതരണം ചെയ്യേണ്ടിവന്നത് 1890 കിലോ ലിറ്റർ വെള്ളം മാത്രം. കഴിഞ്ഞ മണ്ഡല കാലത്ത് 1.02 ലക്ഷം കിലോലിറ്ററും അതിനു മുൻവർഷം 1.18 ലക്ഷം കിലോ ലിറ്ററും വെള്ളം ടാങ്കർ ലോറി വഴി വിതരണം ചെയ്തിരുന്ന സ്ഥാനത്താണ് ഇത്തവണ ടാങ്കർ വഴി നിലയ്ക്കലേക്കുള്ള കുടിവെള്ള വിതരണം 1890 കിലോലിറ്ററിലേക്കു ചുരുക്കാൻ കഴിഞ്ഞത്. ഈ തീർഥാടന കാലത്ത് നിലയ്ക്കൽ-സീതത്തോട് കുടിവെള്ള പദ്ധതിയിലൂടെ 1.17 ലക്ഷം കിലോലിറ്റർ വെള്ളം വിതരണലൈൻ വഴി നിലയ്ക്കലിലെത്തി.
ടാങ്കർ വഴി കുടിവെള്ളം എത്തിക്കേണ്ട സ്ഥിതി ഒഴിവായതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.54 കോടി രൂപയാണ് ഈ തീർഥാടന കാലത്ത് ലാഭിക്കാനായത്. ഈ വർഷം ടാങ്കർ വിതരണ ഇനത്തിൽ 6.78 ലക്ഷം രൂപ മാത്രമാണ് ചെലവായത്. കഴിഞ്ഞ മണ്ഡലകാലത്ത് 3.39 കോടി രൂപയാണ് ടാങ്കർ കുടിവെള്ള വിതരണത്തിന് ബോർഡ് ചെലവാക്കിയത്. 2023-24-ലെ തീർഥാടന കാലത്ത് 3.89 കോടി രൂപയായിരുന്നു ടാങ്കർ കുടിവെള്ള വിതരണത്തിനായി ബോർഡിന് വേണ്ടിവന്നത്. സീതത്തോട്–നിലയ്ക്കൽ കുടിവെള്ള പദ്ധതി പ്രവർത്തനസജ്ജമാകുമ്പോൾ ടാങ്കർ കുടിവെള്ള വിതരണം പൂർണമായും ഒഴിവാക്കാനാകുമെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കിയിരുന്നു. നാമമാത്രമായ ടാങ്കർ കുടിവെള്ള വിതരണവുമായി ഈ തീർഥാടനകാലം പിന്നിടുമ്പോൾ വാഗ്ദാനം നിറവേറ്റാനായതിന്റെ ആഹ്ലാദത്തിലാണ് വാട്ടർ അതോറിറ്റിയിലെ ജീവനക്കാർ.
ടാങ്കർ കുടിവെള്ള വിതരണം ഒഴിവായതോടെ നിലയ്ക്കലേക്ക് ദിനംപ്രതി ഒാടിച്ചിരുന്ന 120 മുതൽ150 വരെ ടാങ്കർ ലോറി ട്രിപ്പുകൾ, ഒന്നോ രണ്ടോ ആയി ചുരുക്കാൻ കഴിഞ്ഞു. ഇതോടെ ഗതാഗതക്കുരുക്കിനും ഏറെ പരിഹാരമായിട്ടുണ്ട്.
ഈ തീർഥാടന കാലത്ത് പമ്പയിൽ 4.69 ലക്ഷം കിലോലിറ്റർ വെള്ളം പൈപ്പ് ലൈൻ വഴിയെത്തിച്ചിരുന്നു. നിലയ്ക്കലിലെ 1.17 ലക്ഷം കിലോലിറ്റർ വെള്ളം കൂടി ചേർത്ത് ആകെ 5.87 ലക്ഷം കിലോലിറ്റർ കുടിവെള്ളമാണ് ഈ തീർഥാടന കാലത്ത് ശബരിമലയിൽ വിതരണലൈൻ വഴിയെത്തിച്ചത്. കഴിഞ്ഞ മണ്ഡലകാലത്ത് പമ്പയിൽ ആകെ 3.90 ലക്ഷം കിലോലിറ്റർ വെള്ളമാണ് വിതരണലൈൻ വഴിയെത്തിച്ചത്. നിലയ്ക്കലിൽ വിതരണം ചെയ്ത വെള്ളം മുഴുവനും ടാങ്കർ വഴിയായിരുന്നു.
നിലയ്ക്കൽ, പമ്പ, സന്നിധാനം, നീലിമല എന്നിവടങ്ങളിലേക്കുള്ള കുടിവെള്ള വിതരണത്തിനായി നിലയ്ക്കൽ-സീതത്തോട് പദ്ധതിയും പമ്പ കുടിവെള്ള പദ്ധതിയുമാണ് വാട്ടർ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നത്. ഈ ഒക്ടോബറിൽ പ്രവർത്തനസജ്ജമായ നിലയ്ക്കൽ-സീതത്തോട് പദ്ധതിക്ക് 94 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. പദ്ധതികളുടെ പരിപാലനം, ഇൻഡസ്ട്രിയൽ നിരക്കിലുള്ള വൈദ്യുത ചാർജ്, പമ്പയിലെ എൻഎബിഎൽ അക്രഡിറ്റഡ് ജലഗുണനിലവാര പരിശോധനാ ലാബിൻറെ പ്രവർത്തനം എന്നീ വകയിൽ വാട്ടർ അതോറ്റിക്ക് പ്രതിവർഷം 75 ലക്ഷത്തോളം രൂപയാണ് പ്രവർത്തന നഷ്ടം.




Kerala’s nodal agency for Drinking Water supply and Sewerage Services