തിരുവനന്തപുരം: ജലവിതരണ രംഗത്ത് പുതിയ ചരിത്രം കുറിച്ച് സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. പദ്ധതിയുടെ ട്രയല്‍ റണ്‍ പൂര്‍ത്തിയായതായും ശബരിമല തീര്‍ത്ഥാടന ചരിത്രത്തില്‍ ഇതു നിര്‍ണായക മൂഹൂര്‍ത്തമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നബാര്‍ഡിന്റെ ഫണ്ടിനു പുറമേ ജെ.ജെ.എമ്മിലും കൂടി ഉള്‍പ്പെടുത്തി 120 കോടി രൂപ ചെലവഴിച്ച് ശബരിമല ഇടത്താവളമായ നിലയ്ക്കലിലും പെരിനാട് പഞ്ചായത്തിന്റെ ഇതര ഭാഗങ്ങളിലും, സീതത്തോട് പഞ്ചായത്തിലും, നാറാണംതോട്, ളാഹ തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കുന്ന ബൃഹുത്തായ പദ്ധതിയാണിത്.

നിലയ്ക്കല്‍ കുടിവെള്ളപദ്ധതി പൂര്‍ണമായി യാഥാര്‍ത്ഥ്യമാകുന്നതോടെ മലയോര മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് വലിയൊരു പരിഹാരമാകും. 2016-ലാണ് കക്കാട്ടാറ് കേന്ദ്രീകരിച്ച് നിലയ്ക്കല്‍-സീതത്തോട് കുടിവെള്ള പദ്ധതിയുടെ നിര്‍മാണം തുടങ്ങിയത്. ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിര്‍മാണ പ്രവര്‍ത്തനം ഒന്‍പത് കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ 120 കോടി രൂപയുടെ പ്രവര്‍ത്തനമാണ് അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.

സീതത്തോട് മുതല്‍ നിലയ്ക്കല്‍ വരെയുള്ള പമ്പിങ് മെയ്നിന്റെയും സീതത്തോടിനും നിലക്കലിനും ഇടയിലുള്ള മൂന്ന് ബൂസ്റ്റിംഗ് പമ്പിങ് സ്റ്റേഷന്റെയും ടാങ്കിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതോടെയാണ് ട്രയല്‍ റണ്‍ സാധ്യമായത്. നിലവില്‍ ജല സംഭരണം നടത്തുന്ന 50 ലക്ഷം ലിറ്റര്‍ ടാങ്കിലാണ് സീതത്തോട്ടില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശേഖരിക്കുന്നത്. നിലയ്ക്കലില്‍ ഭാവിയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് 20 ലക്ഷം ലിറ്റര്‍ വീതം സംഭരണ ശേഷിയുള്ള മൂന്നു ടാങ്കുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ ജല വിതരണത്തിനായി ജല അതോറിറ്റിക്ക് വേണ്ടി വരുന്ന കോടികളുടെ അധിക ബാധ്യതയ്ക്ക ശാശ്വത പരിഹാരമായിരിക്കുകയാണ്. നബാര്‍ഡ് പദ്ധതിയില്‍ ടെന്‍ഡര്‍ ആകാത്ത പ്രവര്‍ത്തികള്‍ ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കിയത്.

പദ്ധതിയുടെ ഭാഗമായി നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ 20 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള 3 ഉന്നതതല ജല സംഭരണികളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. എസ്എന്‍എല്‍ ടവറിന് സമീപമുള്ള 20 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയുടെ റൂഫ് സ്ലാഫിന്റെ പണി കൂടിയാണ് പൂര്‍ത്തിയാകാനുള്ളത്. ശേഷിക്കുന്ന മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി. ഗോശാലയ്ക്ക് സമീപമുള്ള 20 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജല സംഭരണിയുടെ സ്ട്രക്ചറല്‍ വര്‍ക്കുകളും പൂര്‍ത്തിയായി. പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപമുള്ള 20 ലക്ഷം ലിറ്റര്‍ സംഭരശേഷിയുള്ള ജല സംഭരണിയുടെ ബോട്ടം സ്ലാബ് വരെയുള്ള പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി.

7000 കുടുംബങ്ങള്‍ക്കും പ്രയോജനം

സീതത്തോട്, പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിവിടങ്ങളില്‍ താമസിക്കുന്ന 7000 ഓളം കുടുംബങ്ങള്‍ക്കും പൈപ്പ്ലൈനിന്റെ പ്രയോജനം ലഭിക്കും. ശബരിമല ഇടത്താവളമായ നിലയ്ക്കലില്‍ സുഗമമായ കുടിവെള്ള വിതരണത്തിന് ഈ പദ്ധതി പൂര്‍ത്തീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗം ഉണ്ടായിരുന്നില്ല. നിലയ്ക്കലില്‍ ഓരോ വര്‍ഷവും വെള്ളത്തിന്റെ ആവശ്യകത വര്‍ധിച്ചുവരുന്നതിനൊപ്പം ജലവിതരണം വലിയ പ്രശ്‌നമാകുകയും ചെയ്തിരുന്നു.

നിലവില്‍ നിലയ്ക്കലില്‍ ടാങ്കറുകളില്‍ വെള്ളമെത്തിച്ചാണ് മണ്ഡലകാലത്ത് വിതരണം ചെയ്യുന്നത്. ഇതിനാകട്ടെ വര്‍ഷംതോറും കോടികളാണ് സര്‍ക്കാരിന് ചെലവഴിക്കേണ്ടിവരുന്നത്. ശുദ്ധജലവിതരണ പദ്ധതികളൊന്നുമില്ലാത്ത സീതത്തോട് പഞ്ചായത്തിലെ ജനങ്ങളും തങ്ങളുടെ ദുരിതത്തിനും ഇതോടെ പരിഹാരമാകുകയാണ്. പദ്ധതിയുടെ ആദ്യഘട്ടം നിലയ്ക്കലില്‍ വെള്ളമെത്തിക്കുക എന്നതാണ്. തുടര്‍ന്നാവും സീതത്തോട് പഞ്ചായത്തില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടികളാരംഭിക്കുക.

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)