തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ജലഗുണനിലവാര പരിശോധനാ ലാബുകളിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള ജലപരിശോധനാ നിരക്കുകളിൽ ഇളവ് ഏർപ്പെടുത്തി. പൊതുജനസൗകര്യാർഥം ഒാരോ ഘടകം മാത്രം പരിശോധിക്കാനായി പുതിയ സംവിധാനവും നിലവിൽ വന്നു. വാട്ടർ അതോറിറ്റിയുടെ 430-ാം ബോർഡ് യോഗമാണ് നിരക്ക് ഇളവുകൾ അംഗീകരിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള പരിശോധനകൾക്കായി അഞ്ച് വ്യത്യസ്ത പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്.
വാണിജ്യാവശ്യങ്ങൾക്കുള്ള വിവിധ പാക്കേജുകളും നിരക്കുകളും
ജൈവമാലിന്യ പരിശോധന – 625 രൂപ
17 ഘടകങ്ങൾ ഉൾപ്പെടുന്ന ഫുൾ പാക്കേജ്- 2450 രൂപ( പഴയ നിരക്ക് 3300)
ലൈസൻസിങ് ആവശ്യങ്ങൾക്കുള്ള പ്രത്യേക പാക്കേജ് –1590 രൂപ
11 ഘടകങ്ങൾ ഉൾപ്പെടുന്ന ജനറൽ പാക്കേജ് — 1625 ( പഴയ നിരക്ക് 2400)
സബ് ജില്ലാ ലാബുകൾക്കായുള്ള പ്രത്യേക പാക്കേജ് — 1150
മൂന്നിൽത്താഴെ ഘടകങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഫിക്സഡ് ചാർജ് നൽകേണ്ടി വരും. ഗാർഹിക വിഭാഗത്തിൽ പരിശോധനാ നിരക്കുകൾക്കു മാറ്റമില്ല. നിലവിലെ 850രൂപ, 500 രൂപ പാക്കേജുകൾ തുടരുന്നതാണ്. 850 രൂപ പാക്കേജിൽ ജൈവ ഘടകങ്ങൾ അടക്കം 19 ഘടകങ്ങളാണ് പരിശോധിക്കുക. ജൈവ ഘടകങ്ങൾ മാത്രം പരിശോധിക്കാനുള്ളതാണ് 500 രൂപയുടെ പാക്കേജ്. സർക്കാർ/എയ്ഡഡ് സ്കൂളുകളുടെ പരിശോധനാ നിരക്കുകൾ ഗാർഹിക വിഭാഗത്തിൽ ഉൾപ്പെടുത്തി. ഒാരോ ഘടകം മാത്രമായി 24 ഘടകങ്ങളിൽമേൽ ജലപരിശോധന ലഭ്യമാണ്. വാട്ടർ അതോറിറ്റിയുടെ ജലഗുണനിലവാര പരിശോധനാ വിഭാഗത്തിനു കീഴിൽ, 82 എൻഎബിഎൽ അക്രഡിറ്റഡ് ലാബുകളിൽ ജല ഗുണനിലവാര പരിശോധനാസൗകര്യം ലഭ്യമാണ്. പൊതുജനങ്ങൾക്ക് തങ്ങളുടെ സമീപത്തുള്ള ലാബുകളുടെ വിവരങ്ങൾ അറിയാൻ ടോൾഫ്രീ നമ്പരായ 1916-ൽ വിളിക്കാം