തിരുവനന്തപുരം കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമ്പോൾ നിലവിലുള്ള കുടിവെള്ള കണക്ഷൻ വിച്ഛേദിക്കാതെ തന്നെ സ്പെഷൽ കാഷ്വൽ കണക്ഷൻ ലഭിക്കാൻ സൗകര്യമേർപ്പെടുത്തി കേരള വാട്ടർ അതോറിറ്റി. ഇനി മുതൽ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റുമ്പോൾ സ്പെഷൽ കാഷ്വൽ കണക്ഷൻ ആവശ്യമായി വന്നാൽ പ്ലംബർമാരെ നിയോഗിച്ച് കണക്ഷൻ വിച്ഛേദിക്കാതെ തന്നെ ഒാഫിസ് നടപടിക്രമങ്ങളിലൂടെ നിലവിലുള്ള കണക്ഷൻ സ്പെഷൽ കണക്ഷനായി മാറ്റി നൽകും. ഇങ്ങനെ ചെയ്യുമ്പോൾ കണക്ഷൻ മാറ്റിനൽകുന്നതുവരെയുള്ള റീഡിങ് നിലവിലുള്ള കൺസ്യൂമർ നമ്പറിൻമേലുള്ള അവസാന റീഡിങ് ആയി കണക്കാക്കുകയും തുടർന്നു രേഖപ്പെടുത്തുന്ന റീഡിങ് പുതിയ കാഷ്വൽ കണക്ഷനിൻമേലുള്ള ആദ്യ റീഡിങ് ആവുകയും ചെയ്യും. ഒരേ കൺസ്യൂമർ നമ്പറിൽത്തന്നെ സ്പെഷൽ കാഷ്വൽ കണക്ഷനിലേക്കും തിരിച്ചും കണക്ഷൻ മാറ്റാൻ കഴിയും.
പുതിയ രീതിയിൽ, പ്രവർത്തനക്ഷമമായ മീറ്റർ പുതിയ കണക്ഷനു വേണ്ടി മാറ്റേണ്ട ആവശ്യം വരുന്നില്ല. ഇത് ഉപഭോക്താക്കൾക്ക് ലാഭമാണ്. ഉപഭോക്താവ് നിയമാനുസൃതമായ കാഷ്വൽ കണക്ഷൻ ഡിപ്പോസിറ്റ് ഒടുക്കേണ്ടതാണ്.
കെട്ടിടം പണി പൂർത്തിയായി കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഉപഭോക്താവ് അപേക്ഷിക്കുന്ന മുറയ്ക്ക് സ്പെഷൽ കണക്ഷൻ, പഴയ കൺസ്യൂമർ നമ്പറിൽത്തന്നെ ഗാർഹിക/ഗാർഹികേതര വിഭാഗത്തിലേക്കു മാറ്റിനൽകും. പുതിയ നടപടി വഴി കണക്ഷൻ വിച്ഛേദിക്കലും സമയനഷ്ടവും ഒഴിവാകും. സ്പെഷൽ കണക്ഷനിലേക്കു മാറാൻ പ്ലംബർമാരുടെ സേവനം ആവശ്യമായി വരുന്നില്ല. ജീവനക്കാർക്കും ജോലിഭാരം കുറയും.