സംസ്ഥാനത്തെ ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ വഴി ഗുണഭോക്താക്കൾക്ക് വളരെ കുറഞ്ഞ ചെലവിലും ലളിതമായ നടപടിക്രമങ്ങളിലൂടെയും കുടിവെള്ള കണക്ഷൻ ലഭിക്കാൻ അവസരമൊരുങ്ങുന്നു. ആധാർ കാർഡ് മാത്രം രേഖയായി നൽകി ജലജീവൻ പദ്ധതി വഴി കുടിവെള്ള കണക്ഷൻ നേടാം. സാധാരണ കുടിവെള്ള കണക്ഷൻ എടുക്കാൻ വേണ്ടിവരുന്ന നടപടിക്രമങ്ങളോ രേഖകളോ വേണ്ടിവരുന്നില്ല.
ജലജീവൻ വഴിയുള്ള കണക്ഷൻ നടപടിക്രമങ്ങൾ ലളിതമാക്കാനായി വാട്ടർ അതോറിറ്റി മൊബൈൽ ആപ്ലിക്കേഷനു രൂപം നൽകിയിട്ടുണ്ട്. ഈ ആപ് വഴിയായിരിക്കും കണക്ഷൻ സംബന്ധിച്ച നടപടികൾ നിർവഹിക്കുന്നത്. ഗുണഭോക്താക്കൾ ആധാർ നമ്പരും മൊബൈൽ നമ്പറും മാത്രം നൽകിയാൽ മതിയാകും. ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി കണക്ഷൻ നടപടികൾ പൂർത്തിയാക്കും. ഗുണഭോക്താക്കളുടെ മൊബൈൽ നമ്പരിലേക്ക് കൺസ്യൂമർ നമ്പരും കൺസ്യൂർ ഐഡിയും എസ്എംഎസ് ആയി അയച്ചുനൽകും.
പഞ്ചായത്ത് തലത്തിലുള്ള ആകെ പദ്ധതിച്ചെലവിന്റെ പത്തുശതമാനമാണ് ഗുണഭോക്തൃ വിഹിതമായി സമാഹരിക്കേണ്ടത്. ഈ പത്തുശതമാനം തുകയെ, പഞ്ചായത്തിൽ ആകെ നൽകുന്ന കണക്ഷനുകളുടെ എണ്ണം കൊണ്ടു ഭാഗിക്കുമ്പോൾ കിട്ടുന്ന തുക മാത്രമാണ് വ്യക്തിഗതമായി ചെലവാക്കേണ്ടിവരുന്നത്. ഗുണഭോക്തൃ വിഹിതം ലഭ്യമാക്കുന്ന മുറയ്ക്ക് കണക്ഷൻ ലഭിക്കും. ആദ്യം ഗുണഭോക്തൃ വിഹിതം അടയ്ക്കുന്നവർക്ക് ആദ്യം കണക്ഷൻ എന്നതാണു രീതി. പഞ്ചായത്ത് തലത്തിൽ പ്രവൃത്തികൾ ആരംഭിക്കുന്ന മുറയ്ക്ക് കണക്ഷൻ ലഭ്യമാക്കും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ഇങ്ങനെ കുറഞ്ഞ തുക ഗുണഭോക്തൃ വിഹിതമായി അടച്ചു കണക്ഷൻ നേടാം. കണക്ഷൻ എടുക്കുന്നതിന് പഞ്ചായത്ത് ഓഫിസിനെയോ തൊട്ടടുത്ത വാട്ടർ അതോറിറ്റി ഓഫിസിനെയോ ജലനിധി ഒാഫിസിനെയോ സമീപിക്കാം.
ജലജീവൻ പദ്ധതിപ്രകാരം കേരളത്തിൽ 2024 ഒാടെ 49.65 ലക്ഷം ഗ്രാമീണ വീടുകൾക്കാണ് ശുദ്ധജല കണക്ഷൻ നൽകേണ്ടത്. 2020-21 കാലത്ത് 21.42 ലക്ഷം വീടുകൾക്ക് ശുദ്ധജല കണക്ഷൻ ലഭിക്കും. നടപ്പുവർഷം ആദ്യഘട്ടമായി 16.48 ലക്ഷം കണക്ഷൻ നൽകാനുള്ള പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ഈ പദ്ധതികൾ പ്രവർത്തനം തുടങ്ങുന്ന ഘട്ടത്തിലാണ്.