കേരള വാട്ടര്‍ അതോറിറ്റി, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ വാട്ടര്‍ മീറ്ററിന്‌ ശേഷം പൈപ്പുകളിലുണ്ടാകുന്ന അറിയപ്പെടാത്ത ചോര്‍ച്ചകള്‍ക്ക് (ഹിഡൻ ലീക്ക്) നൽകി വരുന്ന ചോർച്ചാ ആനുകൂല്യം (ലീക്ക്‌ ബെനഫിറ്റ്) പുതുക്കി നിശ്ചയിച്ചു. ചോര്‍ച്ച മൂലം ഉണ്ടാകുന്ന, 50 കിലോലിറ്ററിനു മുകളില്‍ വരുന്ന ഒാരോ കിലോലിറ്റർ ഉപഭോഗത്തിനും വാട്ടർ ചാർജ് നിരക്കിന്റെ 50 ശതമാനം ഇളവായി നൽകും. മുൻപ് ഇത് 50 കിലോലിറ്ററിനു മുകളിൽ വരുന്ന ഒാരോ കിലോലിറ്റർ ഉപഭോ​ഗത്തിനും 20 രൂപ സൗജന്യം എന്ന രീതിയിലായിരുന്നു. ചോര്‍ച്ച മൂലം വാട്ടര്‍ ചാര്‍ജിന്‌ അനുസൃതമായി സീവറേജ്‌ ചാര്‍ജില്‍ വര്‍ദ്ധനവുണ്ടാകുന്ന ഉപഭോക്താക്കള്‍ക്ക്‌ ചോർച്ച കാലയളവിന്‌ മുമ്പുള്ള മാസത്തെ സീവറേജ്‌ ചാര്‍ജോ അല്ലെങ്കില്‍ ചോർച്ച കാലയളവിന്‌ മുന്‍പുള്ള ആറു മാസത്തെ ജല ഉപഭോഗത്തിന്‍റെ ശരാശരി പ്രകാരമുള്ള സീവറേജ്‌ ചാര്‍ജോ ഏതാണോ കൂടുതല്‍ അത്‌ ഈ‌ടാക്കും. ആറു മാസത്തിലധികം കാലയളവില്‍ ‌ചോർച്ച പരിഹരിക്കാതെ നിലനിന്നാലും ചോര്‍ച്ച ആനുകുല്യം നല്‍കുന്നതിനുള്ള പരമാവധി കാലയളവ്‌ ആറു മാസമായിരിക്കും. ചോര്‍ച്ചാ ആനുകൂല്യത്തിനുള്ള അര്‍ഹത ലീക്ക്‌ തീയതി മുതല്‍ ഒരു വര്‍ഷത്തിനകം ലഭിക്കുന്ന പരാതികള്‍ക്ക്‌ മാത്രമായിരിക്കും. ചോര്‍ച്ച ആനുകൂല്യം നല്‍കിയ ഒരു കണക്ഷന് കുറഞ്ഞത്‌ പത്തു വര്‍ഷം കഴിഞ്ഞു മാത്രമേ മറ്റൊരു ചോര്‍ച്ച ആനുകൂല്യത്തിന്‌ അര്‍ഹതയുള്ളൂ.

ചോർച്ചാ ആനുകൂല്യംഅനുവദിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും തവണകള്‍ അനുവദിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്കുള്ള പരിധികളും പുതുക്കിനിശ്ചയിച്ചിട്ടുണ്ട്. ചോര്‍ച്ച ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ സെക്ഷന്‍ ഓഫീസുകളിലാണ് നൽകേണ്ടത്. മീറ്റര്‍ ഇന്‍സ്പെക്ടര്‍, അസിസ്റ്റന്‍റ്‌ എഞ്ചിനീയര്‍ എന്നിവരുടെ റിപ്പോര്‍ട്ട്‌ സഹിതം ഇവ റവന്യൂ ഓഫീസര്‍ക്കു കൈമാറും. പുതുക്കിയ ചോർച്ചാ ആനുകൂല്യം 2024 മേയ് 25 മുതലാണ് ബാധകമാകുന്നത്. വാട്ടര്‍ ചാര്‍ജും സീവറേജ്‌ ചാര്‍ജും വര്‍ധിപ്പിച്ചതിനു ശേഷം, ചോര്‍ച്ച മൂലം വാട്ടര്‍ ചാര്‍ജില്‍ വലിയ വര്‍ധനയുണ്ടാകുമ്പോള്‍ സീവറേജ്‌ ചാര്‍ജിലും ആനുപാതികമായി വര്‍ധനയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നിരക്കുകൾ കൊണ്ടുവന്നത്.

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content