ശ്രീ.  കെ. കൃഷ്ണൻകുട്ടി

ബഹു. ജലവിഭവ വകുപ്പ് മന്ത്രി

കുടിവെള്ളത്തിനായി കിലോമീറ്ററുകൾ നടന്നുപോകേണ്ടിവരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇന്ന് പുതുമയുള്ളതല്ല. കുടിവെള്ളവുമായി എത്തുന്ന ടാങ്കറുകളെ കാത്ത് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്, ചുറ്റിലും വെള്ളമുണ്ടെങ്കിലും കുടിക്കാൻ വെള്ളത്തിനായി ദൂരെ സ്ഥലങ്ങളിൽ പോകേണ്ടി വരുന്നവർ, മഴക്കാലത്തുപോലും ടാങ്കർ ലോറിയെ ആശ്രയിക്കാൻ വിധിക്കപ്പെട്ട ജനങ്ങൾ… ഇവിടെയെല്ലാം അടിസ്ഥാനപരമായി കഷ്ടപ്പെടുന്നത് സ്ത്രീകളാണ്. കുടുംബത്തിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനായി സമയം നീക്കിവയ്ക്കുമ്പോൾ, തൊഴിലിനോ, പഠനത്തിനോ പോകാൻ കഴിയാത്ത സാഹചര്യം നേരിടുന്നവരും നമ്മുടെ നാട്ടിലുണ്ട്. അവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തുക എന്നതിനൊപ്പം സ്വപ്‌നങ്ങളുടെ വാതായനങ്ങൾ തുറന്നു ലഭിക്കുന്നതിന് കുടിവെള്ള ലഭ്യത തടസമാകില്ലെന്ന പ്രതീക്ഷയുടെ പുൽനാമ്പ് അവർക്ക് മുന്നിൽ ആദ്യമായി തളിരിടുന്ന ദിവസം കൂടിയാണ് ഇന്ന്. കുടിവെള്ള ലഭ്യത ഏറ്റവും കുറവായ ഗ്രാമീണ മേഖലയിൽ 2024 ഓടെ 49.65 ലക്ഷം കുടുംബങ്ങൾക്ക് പൈപ്പിലൂടെ അത് ലഭ്യമാക്കുന്ന പദ്ധതിക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഔദ്യോഗികമായി തുടക്കംകുറിക്കുകയാണിന്ന്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്ന വിശാലമായ സ്വപ്‌ന സാക്ഷാത്കരണത്തിലേക്കും സർക്കാർ ചുവടുവയ്ക്കുകയാണ്. പൊതു ടാപ്പുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്കും കുടിവെള്ളം എത്തിക്കാൻ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലുള്ളവർക്കും പട്ടിക വർഗ കോളനികൾക്കും മുൻഗണന നൽകിയാണ് ജൽജീവൻ മിഷൻ പദ്ധതി കേരളത്തിൽ യാഥാർത്ഥ്യമാക്കുന്നത്.

നമ്മുടെ നാട്ടിൽ ശുദ്ധജലവിതരണ രംഗത്തിന് സമാരംഭം കുറിക്കുന്നത് 1914 ലാണ്. ഐക്യകേരളം നിലവിൽ വരുന്നതിനും മുമ്പ് കൊച്ചിയിലായിരുന്നു ആദ്യ കുടിവെള്ള വിതരണ പദ്ധതി ആരംഭിക്കുന്നത്. പിന്നീട് 1933 ൽ തിരുവനന്തപുരത്തും സമാന പദ്ധതി ആരംഭിച്ചതോടെയാണ് കുടിവെള്ള വിതരണ മേഖല കേരളത്തിൽ സജീവമാകുന്നത്. ഇവ പിന്നീട് കേരള ജല അതോറിട്ടിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ആദ്യ കുടിവെള്ള പദ്ധതി അവതരിപ്പിക്കപ്പെട്ടിട്ട് 106 വർഷങ്ങൾ കഴിയുന്നു. എന്നിട്ടും 33 ശതമാനം കുടുംബങ്ങളെ മാത്രമേ ഇതുവരെ ശുദ്ധജല വിതരണ സമ്പ്രദായത്തിന് കീഴിൽ കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞിട്ടുള്ളൂ. ഇതേ വേഗതയിലാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ ഇനിയും ഒരു 200 വർഷംകൂടി വേണ്ടിവരും 100 ശതമാനം ഭവനങ്ങളിലും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാൻ. ഈ അവസ്ഥ മറികടക്കാനാണ് സംസ്ഥാന ജലവിഭവ വകുപ്പും സർക്കാരും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ജലശക്തി മന്ത്രാലയവുമായി സഹകരിച്ച് ജൽജീവൻ മിഷൻ പദ്ധതിയിലൂടെ കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ള 67 ലക്ഷം കുടുംബങ്ങളിൽ 49.65 ലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്നതാണ് പദ്ധതി. കൃത്യമായ ആസൂത്രണത്തോടെ, തദ്ദേശ സ്ഥാപനങ്ങളുടെ പരിപൂർണ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 100 ശതമാനം ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യാനാവും.

ചെറുതും വലുതുമായ നദികളാലും കായലുകളാലും കുളങ്ങളാലും ജലസമൃദ്ധമാണ് കേരളം എന്ന് കുഞ്ഞുനാൾ മുതലേ നാം പറഞ്ഞു പഠിച്ചിട്ടുള്ളതാണ്. അതേസമയം ആളോഹരി കണക്കാക്കി നോക്കിയാൽ നമുക്ക് ആവശ്യമായ ജലം സംസ്ഥാനത്ത് ലഭ്യമല്ലെന്ന് വേഗത്തിൽ തന്നെ മനസിലാക്കാനാവും. പ്രതിവർഷം 330 സെ.മി. മഴ ലഭിക്കുന്ന കേരളത്തിൽ 33%  പേർക്കു പോലും നിലവിൽ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നില്ലെന്നതാണ് സത്യാവസ്ഥ. അതായത് 67% പേരും കിണറുകൾ, കുഴൽക്കിണറുകൾ, മറ്റ് ജലസ്രോതസുകൾ തുടങ്ങിയവയെയാണ് കുടിവെള്ളത്തിനായി പോലും ആശ്രയിക്കുന്നത്. ഏകദേശം 13 ഓളം ജലജന്യരോഗങ്ങൾ ശുദ്ധജലത്തിന്റെ അപര്യാപ്തതയിൽ ഉണ്ടാകുന്നുണ്ടെന്ന് സമീപകാല പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ശരാശരി വളർച്ചാനിരക്ക് അനുസരിച്ചാണെങ്കിൽ 2024 ആകുമ്പോൾ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ 70 ലക്ഷം വീടുകൾ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ ഭവനങ്ങളിലെല്ലാം ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്നത് ഭഗീരഥപ്രയത്‌നം തന്നെയാണ്.

ചെറിയ വെല്ലുവിളിയല്ലിതെന്ന തിരിച്ചറിവ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടുള്ള കാൽവയ്പ്പാണിത്. ഈ സാമ്പത്തിക വർഷം ആകെ നൽകേണ്ട പൈപ്പ് കണക്ഷൻ 21.42 ലക്ഷമാണ്. ജല അതോറിട്ടി ഇതേവരെ നൽകിയിട്ടുള്ളത് 25 ലക്ഷം കണക്ഷനാണെന്ന് ഓർക്കണം. ഏതാണ്ട് അത്രയും തന്നെ കണക്ഷനാണ് ഈ സാമ്പത്തിക വർഷത്തിൽ തന്നെ നൽകേണ്ടിവരുന്നത്. എങ്കിലും അത് യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ 100 ദിനപദ്ധതികളുടെ ഭാഗമായി 1.6 ലക്ഷം കണക്ഷനുകൾ നൽകാനും നടപടി സ്വീകരിച്ചുകഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യ ആനുപാതത്തിൽ ചെലവ് വഹിക്കുന്ന ഈ പദ്ധതിയിൽ 15% വിഹിതം പഞ്ചായത്തുകളാണ് വഹിക്കേണ്ടത്. ഗ്രാമീണ അടിസ്ഥാന സൗകര്യം നടപ്പിലാക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തുകയുടെ 10 ശതമാനം ഉപഭോക്തൃ വിഹിതമായും ഉറപ്പാക്കേണ്ടതുണ്ട്. അതേസമയം പഞ്ചായത്ത്, ഗുണഭോക്തൃ വിഹിതങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകുന്ന പഞ്ചായത്തുകളും നിരവധിയുണ്ടാകുമെന്നറിയാം. ആ വെല്ലുവിളി പരിഹരിക്കുന്നതിനും സർക്കാർ നടപടിയെടുത്തിട്ടുണ്ട്. 15-ാം ധനകാര്യ കമ്മിഷന്റെ പഞ്ചായത്തുകൾക്കുള്ള ഗ്രാന്റ്, എംഎൽഎ ഫണ്ട്, കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും നൽകുന്ന ഫണ്ട്, സിഎസ്ആർ ഫണ്ട്, എൻജിഒകളുടെ സഹായം തുടങ്ങിയവയിൽ നിന്നൊക്കെ ഈ വിഹിതം കണ്ടെത്താനുള്ള അനുമതി നൽകിക്കഴിഞ്ഞു. സംസ്ഥാന ജല അതോറിട്ടിയാണ് പ്രധാന നിർവ്വഹണ ഏജൻസികൾ. ജലനിധിയടക്കമുള്ള ഏജൻസികളും പദ്ധതി പൂർത്തീകരണത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

പദ്ധതി നിർവ്വഹണത്തിനായി പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിവിധ സമിതികൾ ഊർജ്ജിതമായ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020-21ൽ 1525 കോടി രൂപ പദ്ധതി അടങ്കലിൽ ജലജീവൻ പദ്ധതി നടപ്പിലാക്കുമ്പോൾ 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും നൽ്കാൻ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെ മുൻഗണനാക്രമം അനുസരിച്ച് ഉൾപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് വിഹിതം, ഗുണഭോക്തൃ വിഹിതം എന്നിവ അടയ്ക്കുന്ന മുറയ്ക്ക് പദ്ധതി നിർവ്വഹണം ആരംഭിക്കുകയും ചെയ്യും. പദ്ധതി നടത്തിപ്പിനായി വിവിധ തലങ്ങളിൽ കമ്മറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന തലത്തിൽ സ്റ്റേറ്റ് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ രൂപം നൽകിയിട്ടുണ്ട്. ജില്ലാതലത്തിൽ ജില്ലാ കലക്ടർമാർ ചെയർമാനായ ഡിസ്ട്രിക് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷനും പഞ്ചായത്ത് തലത്തിൽ വില്ലേജ് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റിയും പദ്ധതി നിർവ്വഹണത്തിനായി പ്രവർത്തിക്കും. കുടിവെള്ള കണക്ഷനുകൾ ഉറപ്പാക്കാൻ വില്ലേജ് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റി വില്ലേജ് ആക്ഷൻ പ്ലാൻ തയാറാക്കി, ജില്ലാതല സമിതി അംഗീകരിച്ച ശേഷം, ക്രോഡീകരിച്ച ഡിസ്ട്രിക്ട് ആക്ഷൻ പ്ലാൻ, സ്റ്റേറ്റ് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷന് നൽകണം. ഇങ്ങനെ സമാഹരിക്കുന്ന പ്രവർത്തന പദ്ധതികളിൽ നിന്നാണ് ഓരോ വർഷത്തെയും ആക്ഷൻ പ്ലാൻ തയാറാക്കുന്നത്.

2020-21 ലേക്കായി 6,377 കോടി രൂപയുടെ വാർഷിക പ്രവർത്തന പദ്ധതി തയാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ആകെ തുകയിൽ കേന്ദ്ര വിഹിതം 2869.5 കോടിയും (45%) സംസ്ഥാന വിഹിതം 1913 കോടിയും (30%) പഞ്ചായത്ത് വിഹിതം 956.5 കോടിയും (15%) ഗുണഭോക്തൃവിഹിതം 637.7 കോടിയും (10%) ആണ്. ഈ വർഷം ഇതുവരെയും 716 ഗ്രാമപഞ്ചായത്തുകളിലായി 16.48 ലക്ഷം ഗാർഹിക കണക്ഷനുകൾ നല്കുന്നതിനായി 4348.89 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.  ഇതിൽ കേരളത്തിൽ വിവിധ ജില്ലകളിലായി 701 പഞ്ചായത്തുകളിലെ 774 പ്രവൃത്തികൾ ടെണ്ടർ ചെയ്യുകയും, മേൽ ടെണ്ടർ ചെയ്തു പ്രവൃത്തികളിൽ 93 നിയമസഭാ മണ്ഡലങ്ങളിലായി 243 പഞ്ചായത്തുകളിലെ 1.78 ലക്ഷം ഗാർഹിക കണക്ഷനുകൾ ഉൾപ്പെടുന്ന 250 പ്രവൃത്തികൾക്ക് പ്രവർത്തനാനുമതി നൽകി, പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനം സാമ്പത്തികമായി പ്രയാസങ്ങൾ നേരിടുന്ന ഈ സമയത്തും ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കുന്നതിന് ശ്രദ്ധേയമായ മുൻകരുതലാണ് ധനവകുപ്പ് മന്ത്രി ശ്രീ തോമസ് ഐസക്കും ധനകാര്യ വിഭാഗവും സ്വീകരിച്ചിട്ടുള്ളത്. കാലതാമസം ഉണ്ടാകാതെ പദ്ധതിയുടെ കൃത്യതയാർന്ന പൂർത്തീകരണത്തിന് സാമ്പത്തികം ഒരു തടസമാവില്ലെന്ന ഉറപ്പ് അണുവിട വ്യതിചലിക്കാതെ പാലിക്കുന്നുണ്ട് ധനവകുപ്പ്. പദ്ധതിയുടെ പരിപൂർണ വിജയത്തിനായി തദ്ദേശ സ്ഥാപനങ്ങളും വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തീനും നൽകുന്ന നിർലോഭമായ പിന്തുണയ്ക്ക് നാം കടപ്പെട്ടിരിക്കുന്നു. ജല സ്‌ത്രോതസ് കണ്ടെത്തുന്നതിനും അതുപയോഗിച്ച് ഗുണഭോക്താക്കൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനും പഞ്ചായത്ത് ഭരണാധികാരികളും അംഗങ്ങളും പ്രത്യേകതാത്പര്യം പ്രകടിപ്പിക്കുന്നുവെന്നത് ശുഭപ്രതീക്ഷ നൽകുന്നു. ജില്ലാ തല പ്രവർത്തനങ്ങൾ ഏകീകരിക്കുകയും സാങ്കേതിക തടസങ്ങൾ യഥാസമയംതന്നെ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുന്നതിൽ അതത് ജില്ലാ കലക്ടർമാർ ശുഷ്‌കാന്തി പുലർത്തുന്നുണ്ട്. ഈ ഒത്തിണക്കമാണ് ജൽജീവൻ മിഷൻ പദ്ധതി നടത്തിപ്പിന്റെ കരുത്ത്. ഇതിൽ ജനങ്ങളുടെ സഹകരണവും സഹായകവും കൂടി ഉണ്ടാവുമെന്ന പരിപൂർണ്ണ വിശ്വാസത്തോടെ ഈ മഹത്തായ ലക്ഷ്യത്തിലേക്ക് നമുക്കൊരുമിച്ച് നടന്നെത്താം.

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content