കൂടുതല്‍ വാല്‍വുകള്‍ സ്ഥാപിക്കുന്നത് പഠിച്ചു റിപ്പോര്‍ട്ട നല്‍കാനും നിര്‍ദേശം
തിരുവനന്തപുരം: നഗരങ്ങളിലടക്കം ജനങ്ങളെ വ്യാപകമായി ബാധിക്കുന്ന വലിയ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
മുന്‍പുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചാകും പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജ്യര്‍ (എസ്ഒപി) തയാറാക്കുക. പുതുക്കിയ മാനദണ്ഡം അനുസരിച്ചു മാത്രമേ ഇനി മുതല്‍ പ്രവൃത്തികള്‍ നടപ്പിലാക്കാവൂ എന്ന് സിഇ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വലിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനങ്ങളെ/ കോര്‍പറേഷനെ/ജില്ലാ ഭരണകൂടത്തെയും മുന്‍കൂട്ടി അറിയിക്കും. ജനങ്ങളെയും എസ്എംഎസ് മുഖേന വിവരം അറിയിക്കും. കുടിവെള്ളം കൂടുതല്‍ സമയത്തേക്ക് മുടങ്ങുകയാണെങ്കില്‍ പകരം സംവിധാനം ഒരുക്കാന്‍ നടപടി സ്വീകരിക്കണം. പ്രവൃത്തി പൂര്‍ത്തിയാകുന്നതിനുള്ള സമയം കൃത്യമായി രേഖപ്പെടുത്തണം. ഓരോ പ്രവൃത്തിയുടെയും ഉത്തരവാദിത്വം ഒരു ഉദ്യോഗസ്ഥനില്‍ നിഷിപ്തമായിരിക്കും. ഇതു നിരീക്ഷിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കരാറുകരാന്റെ പ്രവര്‍ത്തി പരിചയം പരശോധിച്ചു മാത്രമേ കരാര്‍ നല്‍കുകയുള്ളൂ. ഇതിനു പുറമേ കരാറുകാരന് മതിയായ ഉപകരണങ്ങളും തൊഴിലാളികളും ഉണ്ടെന്നും ഉറപ്പു വരുത്തും. പെട്ടെന്നുള്ള പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡന്‍ നല്‍കാന്‍ സമയം ലഭിക്കില്ല എന്നതിനാല്‍ പ്രധാന കരാറുകാരെ ഓരോ സര്‍ക്കിളിലും എംപാനല്‍ ചെയ്യും. മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടുള്ള പ്രവൃത്തികള്‍ 7 ദിവസം മുന്‍പ് ഉപഭോക്താക്കളെ എസ്എംഎസ് മുഖേന നേരിട്ട് അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
പ്രവര്‍ത്തന ക്ഷമം അല്ലാത്ത വാല്‍വുകള്‍ കണ്ടെത്തി പ്രവര്‍ത്തനക്ഷമമാക്കും. കൂടുതല്‍ വാല്‍വുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. ഇതുവഴി വെള്ളം മുടങ്ങുന്ന സ്ഥലം പരിമിതപ്പെടുത്താന്‍ സാധിക്കും. നഗരപ്രദേശങ്ങളില്‍ ഓള്‍ട്ടര്‍നേറ്റീവായി പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് സാധ്യതാ പഠനം നടത്തും. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമില്‍ നിന്ന് കാട്ടാക്കട- മലയന്‍കീഴ്- പേയാട്- കുണ്ടമണ്‍കടവ്- പിടിപി നഗറിലേക്ക് നേരിട്ട് എത്തിച്ച് കുടിവെള്ള വിതരണം നടത്തുന്ന പദ്ധതി അടുത്ത വര്‍ഷത്തേക്ക് ടെന്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജോയിന്റ് എം.ഡി ബിനു ഫ്രാന്‍സിസ് ഐഎഎസ്, ടെക്‌നിക്കല്‍ മെമ്പര്‍ സേതുകുമാര്‍, ചീഫ് എഞ്ചിനിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.