തിരുവനന്തപുരം: ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി, ദേശീയ ഗുണനിലവാര ഏജൻസിയായ എൻഎബിഎൽ-ന്റെ അംഗീകാരം ലഭിച്ച, കേരള വാട്ടർ അതോറിറ്റിയുടെ 82 കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബുകളുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഡിസംബർ 21-ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. കേരളാ വാട്ടർ അതോറിറ്റി ആസ്ഥാനമായ വെള്ളയമ്പലം ജലഭവനിൽ ബുധനാഴ്ച വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഉപഭോക്താക്കൾക്ക് സ്വയം വാട്ടർ മീറ്റർ റീഡിങ് നടത്താനായി ആവിഷ്കരിച്ച സെൽഫ് മീറ്റർ റീഡിങ് ആപ്, മീറ്റർ റീഡർമാർക്ക് റീഡിങ് രേഖപ്പെടുത്തൽ അനായാസമാക്കാനായി ഏർപ്പെടുത്തിയിരിക്കുന്ന മീറ്റർ റീഡർ ആപ് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിക്കും. കേന്ദ്ര മന്ത്രി ശ്രീ. വി. മുരളീധരൻ, മന്ത്രിമാരായ ശ്രീ. എം.ബി.രാജേഷ്, ശ്രീ. ആന്റണി രാജു, പ്രതിപക്ഷ നേതാവ് ശ്രീ, വി.ഡി. സതീശൻ, ശ്രീ. ശശി തരൂർ എംപി എന്നിവർ പങ്കെടുക്കും.
ശുദ്ധജലം ലഭിക്കുക എന്ന പൊതുജനങ്ങളുടെ മൗലികാവകാശം ഉറപ്പുവരുത്താനും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താനുമായാണ് വാട്ടർ അതോറിറ്റി എൻഎബിഎൽ അംഗീകാരമുള്ള ലാബുകൾ സജ്ജമാക്കിയിട്ടുള്ളത്. ലാബുകളുടെ സാങ്കേതിക കാര്യക്ഷമതാ പരിശോധനയ്ക്ക് രാജ്യത്തെ ഏറ്റവും വിശ്വസനീയ ഏജൻസിയായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ്(എൻഎബിഎൽ) നൽകുന്ന അംഗീകാരമാണ് വാട്ടർ അതോറിറ്റിയുടെ 82 ലാബുകൾക്ക് ലഭിച്ചത്. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ തങ്ങളുപയോഗിക്കുന്ന കുടിവെള്ളം പരിശോധിക്കാൻ എല്ലാ ജില്ലകളിലുമായുള്ള ജില്ലാ-ഉപജില്ലാ ലാബുകളിൽ ലഭ്യമായ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഉപഭോക്താക്കൾക്ക് ജലഗുണനിലവാര പരിശോധന ഓൺലൈൻ വഴി നിർവഹിക്കാനുള്ള സൗകര്യം വാട്ടർ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന രീതിയിൽ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. qpay.kwa.kerala.gov.in എന്ന സൈറ്റില്‍ പണമടച്ച്, കുടിവെള്ള സാമ്പിള്‍ അതാതു ലാബുകളില്‍ എത്തിച്ചാല്‍ സാമ്പിള്‍ പരിശോധിച്ച് ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതോറിറ്റി നിശ്ചയിച്ച നിരക്ക് പ്രകാരമാണ് പണമടക്കേണ്ടത്. ഹോട്ടലുകള്‍ക്കും മറ്റും നിശ്ചിത ഫീസോടെ ഗുണനിലവാരം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യം ലാബുകളിലുണ്ട്. ഇതിനു പുറമെ ഗ്രാമീണ പ്രദേശങ്ങളിലെ സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധനയും ലാബുകളില്‍ നടത്തുന്നുണ്ട്. തദ്ദേശ സ്വയം രണ സ്ഥാപനങ്ങൾക്ക് അവരുടെ പരിധിയിൽ വരുന്ന റസ്റ്റോറന്റുകളുൾപ്പെടെ കുടിവെള്ളം ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസിംഗ് ആവശ്യങ്ങൾക്ക് ലാബുകളുടെ സേവനം ഉപയോഗിക്കാം. എൻഎബിഎൽ അംഗീകാരം നിലവിൽ ലഭ്യമായിട്ടില്ലാത്ത ലാബുകളും കുടിവെള്ള പരിശോധന നടത്തി വരുന്നുണ്ട്.
ജലജീവൻ മിഷൻ പദ്ധതിക്കു മുൻപ്, വാട്ടർ അതോറിറ്റി ജലഗുണനിലവാര പരിശോധനാ വിഭാഗത്തിന് എറണാകുളം നെട്ടൂരിൽ സംസ്ഥാന ലാബും 14 ജില്ലാ ലാബുകളും 32 സബ് ജില്ലാ ലാബുകളുമാണുണ്ടായിരുന്നത്. സംസ്ഥാന ലാബിന് 2017 മുതൽ എൻ.എ.ബി.എൽ അംഗീകാരം (നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്) ലഭിച്ചിരുന്നു. ജല ജീവൻ മിഷൻ പദ്ധതിപ്രകാരം നിലവിലെ ലാബുകൾ കൂടാതെ 38 സബ് ജില്ലാ ലാബുകൾ കൂടി ആരംഭിച്ചു. പൊതുജനങ്ങൾക്ക് ജലഗുണനിലവാര പരിശോധന, സൗകര്യപ്രദമായി നടത്താൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 85 ലാബുകളിൽ സൗകര്യം ലഭ്യമാണ്. ഇതിൽ 82 ലാബുകളാണ് എൻ.എ.ബി.എൽ അംഗീകാരം നേടിയത്. കൂടാതെ സംസ്ഥാന ലാബിന്റെ അംഗീകാരം, 17 പരാമീറ്ററുടെ പരിശോധന എന്നതിൽ നിന്ന് 29 ആയി ഉയർത്താനും കഴിഞ്ഞു. 2021 സെപ്റ്റംബറിൽ ഭരണാനുമതി ലഭിച്ച ഈ പദ്ധതി വഴി, 2022 ഒാഗസ്റ്റോടെ സംസ്ഥാനത്തെ 98% ലാബുകൾക്കും എൻ.എ.ബി.എൽ അംഗീകാരമായതോടെ, കേരളം ജലഗുണനിലവാരപരിശോധനാ രംഗത്ത് രാജ്യത്തെ മുൻനിരയിൽ സ്ഥാനം നേടുകയാണ്.
സംസ്ഥാനത്ത് ഭൂഗർഭ ജലത്തിന്റെ 80 ശതമാനം വിസർജ്യ ഘടകങ്ങളാൽ മലിനപ്പെട്ടതാണെന്ന് ശുചിത്വമിഷന്റെ പഠനപ്രകാരം കണ്ടെത്തിയിട്ടുള്ളതാണ്. സംസ്ഥാനത്തെ ജല സ്രോതസ്സുകൾ മലിനമാകുന്നത് മുന്നിൽ കണ്ട് കൊണ്ട് കീടനാശിനികൾ, സാന്ദ്രത കൂടിയ ലോഹങ്ങൾ തുടങ്ങിയ ഘടകങ്ങൾ കൂടി പരിശോധിക്കാനുള്ള ഗവേഷണസൗകര്യത്തോടു കൂടിയ നെട്ടൂർ സംസ്ഥാന ലാബിലെ സൗകര്യങ്ങൾ, ഭാവിയിൽ കുടിവെള്ള സ്രോതസ്സുകൾ കൂടുതൽ മലിനപ്പെടുന്നത് തടയാൻ സഹായിക്കും. ജലജീവൻ മിഷൻ പദ്ധതിയിലൂടെ, മുഴുവൻ ഗ്രാമീണ ശുദ്ധ ജലസ്രോതസ്സുകളുടെയും ഗുണനിലവാരം ഈ ലാബുകളിൽ സൗജന്യമായി പരിശോധിച്ച് പരിശോധനാ ഫലം ഇ-ജൽ ശക്തി പോർട്ടലിൽ രേഖപ്പെടുത്തി, മുഴുവൻ പ്രദേശങ്ങളിലെയും കുടിവെള്ള ഗുണ നിലവാരം മാപ്പ് ചെയ്യാനും ഓരോ പ്രദേശത്തിനും യോജിച്ച ശുദ്ധീകരണ പ്രക്രിയ തെരഞ്ഞെടുക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2020–21 ൽ, 241757 കുടിവെള്ള സാമ്പിളുകൾ പരിശോധിച്ച് ഫലം ലഭ്യമാക്കിയിട്ടുണ്ട്.
2020–21 ൽ ജലഗുണനിലവാര പരിശോധനാ സൗകര്യങ്ങൾഏർപ്പെടുത്തുന്നതിനായി 45.68 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇത് പ്രധാനമായും എട്ടു ജില്ലാ ലാബുകളുടെ പുനരുദ്ധാരണം, എൻ.എ.ബി.എൽ അക്രഡിറ്റേഷൻ, പുതിയ സ്റ്റേറ്റ് ലാബ് സ്ഥാപിക്കുക, കൂടാതെ ലാബുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയ്ക്കു വേണ്ടിയാണ് വിനിയോഗിച്ചത്. 2021–22 ൽ 112.07 കോടി രൂപയുടെ ഭരണാനുമതിയാണു ലഭിച്ചത്. ആകെ ഭരണാനുമതി ലഭിച്ച 157.78 കോടി രൂപയിൽ 91.664 കോടി രൂപയാണ് ഇതുവരെ ചെലവായത്. ഇതിൽ ലാബുകളുടെ നിർമാണത്തിനും സജ്ജീകരണത്തിനും മാത്രമായുള്ള മൂലധനച്ചെലവ് 78.21 കോടി രൂപയാണ്. നിലവിലുള്ള ലാബുകൾ ആധുനികീകരിച്ചും കൂടുതൽ ലാബുകൾ സ്ഥാപിച്ച് ദേശീയാംഗീകാരം നേടിയെടുത്തുമാണ് ഗുണനിലവാര പരിശോധനകളുമായി ബന്ധപ്പെട്ട ജല ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ മുന്നേറുന്നത്.
ജില്ലാ, സബ് ജില്ലാ ലാബുകളില്‍ നിറം, മണം ,കലക്കൽ, പി.എച്ച്, വൈദ്യുത ചാലകത, അസിഡിറ്റി, ടോട്ടല്‍ അല്ക്കലൈനിറ്റി, സള്‍ഫേറ്റ്, ടോട്ടല്‍ ഡിസോള്‍വ്ഡ് സോളിഡ്സ്, ടോട്ടല്‍ ഹാര്‍ഡ്നെസ് , കാല്‍സ്യം, മഗ്നീഷ്യം, ക്ലോറൈഡ്, ഫ്ലൂറൈഡ്, അയണ്‍, നൈട്രേറ്റ്, റെസിഡ്യൂല്‍ ക്ലോറിന്‍ എന്നീ 17 പരാമീറ്ററുകളാണ് ഫിസിക്കല്‍, കെമിക്കല്‍ വിഭാഗങ്ങളിൽ പരിശോധിക്കുന്നത്. ബാക്റ്റീരിയോളോജിക്കല് പരിശോധനയില്‍ കോളിഫോം, ഇ-കോളി എന്നിവ ഉള്‍പ്പെടുന്നു. എറണാകുളം നെട്ടൂരില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാന ലാബില്‍ ഹെവി മെറ്റല്‍സ് ഉള്‍പ്പെടെ 33 പരാമീറ്ററുകളും കീടനാശിനി സാന്നിധ്യവും പരിശോധിക്കുന്നു.
കുടിവെള്ള പരിശോധന
കുടിവെള്ളത്തിന്റെ രാസ-ഭൗതിക പരിശോധനയ്ക്കായി അന്നു ശേഖരിച്ച രണ്ടു ലിറ്റർ വെള്ളമാണ് എത്തിക്കേണ്ടത്. ബാക്ടീരിയാ പരിശോധയ്ക്കായി അണുവിമുക്ത ബോട്ടിലിൽ 100 മില്ലി ലിറ്റർ വെള്ളമാണ് എത്തിക്കേണ്ടത്. കുടിവെള്ള പരിശോധനയ്ക്കായി ഫീസ് qpay.kwa.kerala.gov.in എന്ന സൈറ്റ് വഴി അടയ്ക്കണം. വിവിധ ജില്ലകളിലെ ലാബുകളുടെ ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവ വാട്ടർ അതോറിറ്റി വെബ്സൈറ്റ് ആയ www.kwa.kerala.gov.in-ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ 1916-ൽ ബന്ധപ്പെടാം.




Kerala’s nodal agency for Drinking Water supply and Sewerage Services