കേരള വാട്ടർ അതോറിറ്റിയിൽ നടക്കുന്ന ആധുനികീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഐ ടി വിഭാഗം തയാറാക്കുന്ന ഏഴു പുതിയ വിവര സാങ്കേതിക സംരംഭങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. ഇന്നു വൈകിട്ട് (19-07-2021) മൂന്നു മണിക്ക് വെള്ളയമ്പലം വാട്ടർ അതോറിറ്റി കേന്ദ്ര കാര്യാലയത്തിലാണ് ചടങ്ങ്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കണക്ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും റിപ്പോർട്ടുകൾ സഹിതം എളുപ്പത്തിൽ ഒാൺലൈൻ വഴി ലഭ്യമാക്കുന്ന ഉപഭോക്തൃസൗഹൃദ കൺസ്യൂമർ പോർട്ടൽ, അതോറിറ്റിയുടെ സംസ്ഥാനത്തെ എല്ലാ ജല ഗുണനിലവാര പരിശോധനാ ലാബുകളുടെ വിവരങ്ങൾ അറിയാനും ഗുണനിലവാര പരിശോധനയ്ക്ക് ഒാൺലൈൻ വഴി ഫീസ് അടയ്ക്കാനും സൗകര്യമൊരുക്കുന്ന ജല ഗുണനിലവാര ഓൺലൈൻ പേയ്മെന്റ് പോർട്ടൽ, ക്യാഷ് കൗണ്ടറുകളിൽ കുടിവെള്ള ചാർജ് അടയ്ക്കാനായി ഏർപ്പെടുത്തിയിരിക്കുന്ന പിഒഎസ് മെഷീനുകൾ, അതോറിറ്റിയുടെ ബില്ലിങ് സോഫ്ട് വെയറായ ഇ-അബാക്കസുമായി സംയോജിപ്പിക്കുന്ന പിഒഎസ് മെഷീൻ ഇന്റഗ്രേഷൻ സോഫ്ട് വെയർ, വാട്ടർ അതോറിറ്റി ഓഫീസുകളിലെ കംപ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കേന്ദ്രീകൃത പട്ടിക ഇനംതിരിച്ചു ലഭ്യമാക്കുന്ന ഹാർഡ്വെയർ ഇൻവെൻട്രി മാനേജ്മെന്റ് സിസ്റ്റം, മലിനജല ശുദ്ധീകരണശാലകൾക്ക് ഏറ്റവും ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ഒപ്റ്റിമൽ സൈറ്റ് തിരഞ്ഞെടുക്കൽ സംവിധാനം, ബാങ്ക് ട്രാൻസ്ഫർ വഴി കുടിവെള്ള ചാർജ് അടയ്ക്കുന്നവർക്ക് ഇടപാടുകളുടെ വിവരം ലഭ്യമാക്കുന്നതിനും രസീതുകൾ സൃഷ്ടിക്കുന്നതിനുമായുള്ള ബാങ്ക് ട്രാൻസ്ഫർ ട്രാക്കിംഗ് പോർട്ടൽ, ഡിജിറ്റൽ ലൈബ്രറി എന്നിവയാണ് ഇന്ന്ഉദ്ഘാടനം ചെയ്യപ്പെടുന്ന നൂതന സംരംഭങ്ങൾ.വാട്ടർ അതോറിറ്റിയിലെ ഉപഭോക്തൃ സേവനങ്ങൾ അനായാസമായി നിർവഹിക്കാനാകുന്ന തരത്തിലുള്ള സമഗ്ര പരിഷ്കരണങ്ങളാണ് ഐടി വിഭാഗം നടത്തുന്നത്. ആദ്യഘട്ടമായി ആറ് ഐടി സംരംഭങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ മാസം വകുപ്പു മന്ത്രി നിർവഹിച്ചിരുന്നു.
- July 19, 2021
- Principal Information Officer