തിരുവനന്തപുരം: 2024 ഒാടെ ഗ്രാമീണ മേഖലയിലും 2026 ഒാടെ നഗരപ്രദേശങ്ങളിലും സമ്പൂർണ ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, വർധിക്കുന്ന കണക്ഷനുകളുടെ എണ്ണത്തിനനുസരിച്ച്, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ കഴിയുന്ന രീതിയിലുള്ള മുന്നേറ്റമാണ് വാട്ടർ അതോറിറ്റിയിൽ ഇപ്പോൾ ഉണ്ടാകുന്നതെന്ന് ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു. കുടിവെള്ളം ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്ന കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ സമ്പൂർണ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്ന വൻ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. വാട്ടർ അതോറിറ്റിയിൽ നടക്കുന്ന ആധുനികീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഐടി വിഭാഗം തയാറാക്കിയ ഏഴു പുതിയ വിവരസാങ്കേതിക സോഫ്റ്റ് വെയറുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾക്ക് തങ്ങൾ നടത്തുന്ന ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ സുതാര്യമായ രീതിയിൽ ലഭിക്കാൻ അവകാശമുണ്ട്. ജലഗുണനിലവാര പരിശോധനയ്ക്കു കൂടി ഒാൺലൈൻ ആയി പണമടയ്ക്കാൻ കഴിയുന്നതിലൂടെ വലിയ സൗകര്യം ഉപഭോക്താക്കൾക്കുണ്ടാകും. മലിനജല നിർമാർജനം ഏറെ പ്രാധാന്യമർഹിക്കുന്ന ഇക്കാലത്ത് മലിനജല നിർമാർജന പ്ലാന്റ് നിർമാണത്തിനുള്ള സ്ഥലം തിരഞ്ഞെടുക്കാൻ ജിഐഎസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ ഏറെ സമയലാഭവും പണ ലാഭവും ഉണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
ഉപഭോക്താക്കൾക്ക് തങ്ങളുടെ കണക്ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും റിപ്പോർട്ടുകൾ സഹിതം എളുപ്പത്തിൽ ഒാൺലൈൻ വഴി ലഭ്യമാക്കുന്ന ഉപഭോക്തൃസൗഹൃദ കൺസ്യൂമർ പോർട്ടൽ, അതോറിറ്റിയുടെ സംസ്ഥാനത്തെ എല്ലാ ജല ഗുണനിലവാര പരിശോധനാ ലാബുകളുടെ വിവരങ്ങൾ അറിയാനും ഗുണനിലവാര പരിശോധനയ്ക്ക് ഒാൺലൈൻ വഴി ഫീസ് അടയ്ക്കാനും സൗകര്യമൊരുക്കുന്ന ജല ഗുണനിലവാര ഓൺലൈൻ പേയ്മെന്റ് പോർട്ടൽ, ക്യാഷ് കൗണ്ടറുകളിൽ കുടിവെള്ള ചാർജ് അടയ്ക്കാനായി ഏർപ്പെടുത്തിയിരിക്കുന്ന പിഒഎസ് മെഷീനുകൾ, അതോറിറ്റിയുടെ ബില്ലിങ് സോഫ്ട് വെയറായ ഇ-അബാക്കസുമായി സംയോജിപ്പിക്കുന്ന പിഒഎസ് മെഷീൻ ഇന്റഗ്രേഷൻ സോഫ്ട് വെയർ, വാട്ടർ അതോറിറ്റി ഓഫീസുകളിലെ കംപ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കേന്ദ്രീകൃത പട്ടിക ഇനംതിരിച്ചു ലഭ്യമാക്കുന്ന ഹാർഡ്വെയർ ഇൻവെൻട്രി മാനേജ്മെന്റ് സിസ്റ്റം, മലിനജല ശുദ്ധീകരണശാലകൾക്ക് ഏറ്റവും ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ഒപ്റ്റിമൽ സൈറ്റ് തിരഞ്ഞെടുക്കൽ സംവിധാനം, ബാങ്ക് ട്രാൻസ്ഫർ വഴി കുടിവെള്ള ചാർജ് അടയ്ക്കുന്നവർക്ക് ഇടപാടുകളുടെ വിവരം ലഭ്യമാക്കുന്നതിനും രസീതുകൾ സൃഷ്ടിക്കുന്നതിനുമായുള്ള ബാങ്ക് ട്രാൻസ്ഫർ ട്രാക്കിംഗ് പോർട്ടൽ, ഡിജിറ്റൽ ലൈബ്രറി എന്നിവയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
വാട്ടർ അതോറിറ്റിയിലെ ഉപഭോക്തൃ സേവനങ്ങൾ അനായാസമായി നിർവഹിക്കാനാകുന്ന തരത്തിലുള്ള സമഗ്ര പരിഷ്കരണങ്ങളാണ് ഐടി വിഭാഗം നടത്തുന്നത്. ആദ്യഘട്ടമായി ആറ് ഐടി സംരംഭങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ മാസം വകുപ്പു മന്ത്രി നിർവഹിച്ചിരുന്നു.