അമൃത് പദ്ധതിക്കു കീഴിൽ നിർമാണം പൂർത്തിയാക്കിയ, വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ പുതിയ 75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാല പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. തിരുവനന്തപുരം നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. പുതിയ ജലശുദ്ധീകരണ ശാല പ്രവർത്തനമാരംഭിക്കുന്നതോടെ നഗരവാസികളുടെ പ്രതിദിന ശുദ്ധജല ലഭ്യത 100 ലിറ്ററിൽനിന്ന് 150 ലിറ്ററായി വർധിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 13 ലക്ഷം നഗരവാസികളുടെ കുടിവെള്ള പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകും. ഒൻപത് അമൃത് നഗരങ്ങളാണ് കേരളത്തിലുള്ളത്. 1100 കോടിയുടെ 175 ജലവിതരണ പദ്ധതികളാണ് അമൃതിനു കീഴിൽ കേരളത്തിൽ നടപ്പിലാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകവി കുമാരാശാന്റെ ‘ചണ്ഡാലഭിക്ഷുകി’യിലെ, ‘ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ, ചോദിക്കുന്നു നീർ നാവു വരണ്ടഹോ’, എന്ന വരികളുടെ ആംഗലേയ പരിഭാഷ ഉദ്ധരിച്ചുകൊണ്ടാണ് ജല ശുദ്ധീകരണശാലയുൾപ്പെടെയുള്ള വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു കൊണ്ടുനടത്തിയ അഭിസംബോധന അദ്ദേഹം പൂർത്തിയാക്കിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ പങ്കെടുത്തു. സർക്കാർ അധികാരത്തിൽ വന്നശേഷം 13 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാൻ സാധിച്ചുവെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞു. 2020-21ൽ 21.42 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ.കൃഷ്ണൻ കുട്ടി, തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ശ്രീ. എ.സി.മൊയ്തീൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരൻ, സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ, മേയർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുത്തു. പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കാൻ കരാറുകാരായ ചിക്കാഗോ കൺസ്ട്രക്ഷൻസ്, അടിയന്തര വൈദ്യുതി കണക്ഷൻ നൽകിയ കെ.എസ്.ഇ.ബി., പി.ഡബ്ല്യു.ഡി. എന്നിവരുടെ സഹകരണം വിലയേറിയതായിരുന്നു. പുതിയ ജലശുദ്ധീകരണ ശാല പ്രവർത്തനം തുടങ്ങുമ്പോൾ തിരുവനന്തപുരം ജലവിതരണ പദ്ധതിയുടെ നിലവിലുള്ള വിതരണം വർധിക്കുന്നതിനു പുറമേ, ഉൽപ്പാദിക്കുന്ന 75 എംഎൽഡി ശുദ്ധജലം തിരുമല സോൺ, പേരൂർക്കട സോൺ, വട്ടിയൂർക്കാവ് സോൺ, സതേൺ ഹൈ ലെവൽ സോൺ എന്നീ മേഖലകളിലേക്കു പമ്പ് ചെയ്യപ്പെടും. ഈ സോണുകൾക്ക് അധിക ജലം ലഭിക്കുന്നതോടെ, സോണുകൾക്കിടയിലുള്ള ഇന്റർ കണക്ഷൻ വാൽവുകൾ അടയ്ക്കാൻ സാധിക്കും. അതോടെ തിരുവനന്തപുരം ജലവിതരണ പദ്ധതിയുടെ എട്ടു സോണുകൾക്കും പ്രയോജനം ലഭിക്കും. നഗരത്തിലെ പുതിയ വികസന പദ്ധതികളായ വിഴിഞ്ഞം തുറമുഖം , ഐടി പാർക്കുകൾ, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് ജല വിതരണം വികസിപ്പിക്കൽ എന്നിവയും കണക്കിലെടുത്ത് കൊണ്ടാണ് അമൃത് പദ്ധതിക്കു കീഴിൽ 75 എംഎൽഡി എജലശുദ്ധീകരണശാല നിർദേശിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തത്. രണ്ട് അസംസ്കൃത ജല പമ്പുകൾ, 1000 എംഎം വ്യാസമുള്ള 370 മീറ്റർ എംഎസ് പൈപ്പിന്റെ അസംസ്കൃത ജല പമ്പിങ് മെയ്ൻ, 75 എംഎൽഡി ജല ശുദ്ധീകരണശാല, 1000 എംഎം വ്യാസമുള്ള 530 മീ എം എസ് പൈപ്പിന്റെ ശുദ്ധജല പമ്പിങ് മെയിൻ, നാലു പമ്പ് സെറ്റുകളുള്ള ശുദ്ധജല പമ്പ് ഹൗസ്, 35 ലക്ഷം ലിറ്ററിന്റെ ശുദ്ധജല സംഭരണി, സബ് സ്റ്റേഷൻ, സബ് സ്റ്റേഷൻ ട്രാൻസ്ഫോമറുകൾ, സോളാർ പാനൽ, പൂർണ ഒാട്ടോമറ്റിക് സ്കാഡ സംവിധാനം എന്നിവയാണ് 75 എംഎൽഡി ശുദ്ധീകരണശാലയുടെ പ്രധാന ഘടകങ്ങൾ.
- February 26, 2021
- Principal Information Officer