ജലജീവൻ വഴി മുഴുവൻ ഗ്രാമീണ വീടുകൾക്കും
ടാപ്പിലൂടെ കുടിവെള്ളം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണവീടുകൾക്കും  ജലജീവൻ മിഷൻ പദ്ധതി വഴി ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു.  നടപ്പു സാമ്പത്തിക വർഷം 21.42 ലക്ഷം വീടുകൾക്കും ടാപ്പ് വഴി കുടിവെള്ളം നൽകും. ആദ്യഘട്ടത്തിൽ 16.48 ലക്ഷം വീടുകൾക്ക്  കണക്ഷൻ ലഭിക്കും. സംസ്ഥാനത്തെ ഗ്രാമീണ വീടുകളിൽ 2024ഒാടെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായി കേന്ദ്രസർക്കാരുമായി ചേർന്നു  നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതിപട്ടിക വർഗ വിഭാഗങ്ങളിൽപ്പെടുന്ന കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം തുടക്കത്തിൽത്തന്നെ ലഭ്യമാകാൻ അവർക്ക് മുൻതൂക്കമുള്ള പഞ്ചായത്തുകളെ ആദ്യഘട്ടത്തിൽത്തന്നെ പദ്ധതിയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സുതാര്യവും സമയബന്ധിതവുമായി പദ്ധതി പൂർത്തിയാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ച പൂർണ വിവരങ്ങൾ കേരള വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ  716 പഞ്ചായത്തുകളിലായി 4343.89 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. നിലവിലുള്ള പദ്ധതികളുടെ ശേഷി വർധിപ്പിച്ചും ചില പദ്ധതികൾ ദീർഘിപ്പിച്ചും ചിലതിന്റെ സ്രോതസ്സ് ശക്തിപ്പെടുത്തിയും കുടിവെള്ളം ലഭ്യമാക്കും. കേന്ദ്രസർക്കാരുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ജലവിതരണ രംഗത്തെ നാഴികക്കല്ലാവും ജലജീവൻ മിഷൻ പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷം വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. സമ്പൂർണ കുടിവെള്ള ലഭ്യത എന്ന ഗ്രാമീണ ജനതയുടെ അവകാശം സ്ഥാപിച്ചുനൽകാനാണ് ഇൗ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ നൂറുവർഷം കൊണ്ടു നൽകിയ കണക്ഷനുകൾ ഒരു വർഷം കൊണ്ട് ജലജീവൻ വഴി കൊടുത്തുതീർക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ള വിതരണം സാധ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജലജീവൻ പദ്ധതിക്കായി പൂർണ സഹകരണവുമായി രംഗത്തുണ്ടാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന തദ്ദേശസ്വയംഭരണ വകുപ്പുമന്തി ശ്രീ.എ.സി.മൊയ്തീൻ പറഞ്ഞു. വിവിധ ജില്ലകളിൽ പ്രാദേശികമായി നടന്ന ജലജീവൻ മിഷൻ പ്രവർത്തനോദ്ഘാടനങ്ങൾ നിയസഭ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ, മറ്റു മന്ത്രിമാർ എന്നിവർ നിർവഹിച്ചു. എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്തു.

ജലജീവൻ മിഷൻ സംസ്ഥാന തല പ്രവർത്തനോദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കുന്നു.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content